തൃശൂർ: ‘അന്ന ബിട് അന്ന ബിട് ഹേയ് ഗുണീസ, കരേ നിന്നവനോട് പറേയ് ഗുണീസ’ (എന്നെ വിടാൻ കരയിൽ നിൽക്കുന്നവനോട് പറയാൻ കുരുങ്ങിയ മീൻ ചൂണ്ടയോട് പറയുകയാണ്- ലക്ഷദ്വീപിലെ നാടൻ പാട്ട്). കടലിന്റെ താരാട്ടുപാട്ട് കേട്ടുറങ്ങിയും ഉണരുകയും ചെയ്യുന്ന ജനതയുടെ ശ്വാസനിശ്വാസങ്ങളിൽനിന്ന് ഉതിർന്നുവീണ ഇത്തരം നാടൻപാട്ടുകളെ വേദിയിലെത്തിക്കുന്ന കിൽത്താൻ സ്വദേശികളായ ഷഫീഖ് കിൽത്താൻ, ഷബീറലി എന്നിവരോടൊപ്പമാണ് കരയിലെ (കേരളക്കരയെ ദ്വീപുകാർ പറയുന്നത്) വേദികൾ.
ആഴി ആർക്കൈവിന്റെ ഭാഗമായി ‘പുള്ളിപ്പറവ’ സംഗീതക്കൂട്ടായ്മയുടെ പേരിലാണ് ലക്ഷദ്വീപ് നാടൻ പാട്ടുകളുമായി ഷഫീഖും ഷബീറലിയും ബുധനാഴ്ച തൃശൂരിൽ ഇറ്റ്ഫോക് നാടകവേദിയിലെത്തിയത്. കഴിഞ്ഞ മൂന്ന് വർഷത്തെ ലക്ഷദ്വീപിന്റെ നാടൻ പാട്ടുകളെത്തേടിയുള്ള അറിവുകളും അനുഭവങ്ങളും ഏറെയുണ്ട് ഇരുവർക്കും.
മലബാർ മാപ്പിളപ്പാട്ടിന്റെ സ്വാധീനമേറെയുള്ള ഡോളിപ്പാട്ടാണ് ദ്വീപിൽ കൂടുതൽ പ്രചാരമുള്ളതെന്ന് ഇവർ പറയുന്നു. മുസ്ലിം ജീവിതവുമായി ബന്ധപ്പെട്ട സൂഫി സ്വാധീനമുള്ള പാട്ടാണിത്. ഇവയിൽ മലയാളം പാട്ടുകളുടെ സ്വാധീനം ഏറെയാണ്. കടലിൽനിന്ന് നല്ല കാറ്റ് വീശുമ്പോൾ കടലിൽ പോയ ഓടങ്ങൾ തിരിച്ചുവരുന്നത് കാത്ത് സ്ത്രീകൾ രണ്ടാം മുണ്ടിന്റെ കോന്തല നീട്ടിപ്പിടിച്ച് പാടുന്ന പാട്ടുണ്ട്- കാറ്റുവിളിപ്പാട്ട്.
തനത് സ്വഭാവമുള്ള ആക്ഷേപഹാസ്യം തുളുമ്പുന്ന പാട്ടുണ്ടായിരുന്നു- ഫിരായിപ്പാട്ട്. ഐഷ സുൽത്താന അഭിനയിച്ച ‘ഫ്ലഷ്’ സിനിമയിൽ ലക്ഷദ്വീപിലെ തനത് പാട്ടായ ‘പക്കിരിച്ചിപ്പാട്ട്’ ഷഫീഖ് കിൽത്താൻ എഴുതി പാടിയത് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
നാടൻപാട്ടുകളുടെ സൂക്ഷിപ്പുകാരായി ദ്വീപിൽ ഉണ്ടായിരുന്ന ചില കുടുംബങ്ങൾ ദ്വീപുകൾ തോറും മാറി താമസിച്ച് പാടി വന്നിരുന്നു. അതിനാലാകാം ദ്വീപുസമൂഹങ്ങൾക്ക് സാമാന്യമായി ഒരേ സംഗീതപാരമ്പര്യം കൈവന്നത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒട്ടുമിക്ക പാട്ടുകളും വീണ്ടെടുക്കാൻ കഴിയാത്തവണ്ണം നഷ്ടപ്പെട്ടു.
ലക്ഷദ്വീപിലെ തനത് പാട്ടുകളെ തിരിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കവി അൻവർ അലി, സുമംഗല ദാമോദരൻ എന്നിവരുടെ നേതൃത്വത്തിൽ സി.എസ്. വെങ്കിടേശ്വരൻ, റിയാസ് കോമു തുടങ്ങിയവരടങ്ങിയ സംഘമാണ് പുള്ളിപ്പറവ’ സംഗീതസംഘം രൂപവത്കരിച്ചതും ഷഫീഖിനെയും ഷബീറലിയെയും മുൻ നിരയിലെത്തിച്ചതും.
ഖവാലി ഗാനങ്ങൾ പാടുന്ന ‘കെഹർവ’ ട്രൂപ്പിന്റെ ഭാഗമായിരുന്നു അന്ന് ഷഫീഖും ഷബീറലിയും. ദ്വീപിലെ നാടൻപാട്ടുകൾ ഹാർമോണിയം, തബല തുടങ്ങിയവ ഉപയോഗിച്ച് പാടി ഇവർ ജനപ്രിയരായിരുന്നു. കേരളത്തിലും സംഗീതപരിപാടികൾ അവതരിപ്പിച്ചു.
ഇതിനിടെ ചില മലയാള സംഗീത സംവിധായകരും സമീപിച്ചതായി ഷഫീഖ് പറഞ്ഞു. ലക്ഷദ്വീപിലെ കഥാപാട്ടുകളെ സമാഹരിക്കുന്ന ഘട്ടമാണ് അടുത്തത്. ഞോളയുടെ പാട്ട്, പുള്ളിപ്പറവയുടെ കഥ, അപ്പൽ നീര കുടിച്ച കഥ തുടങ്ങിയവ സാധാരണയായി കേട്ടുവരാറുള്ളതാണ്. ഇത്തരം ഗണത്തിലുള്ളവയെ ചിട്ടപ്പെടുത്താനുള്ള ശ്രമവും നടന്നുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.