തൃശൂർ: കോർപറേഷൻ ശക്തൻ ബസ് സ്റ്റാൻഡിലെ മാലിന്യം നീക്കംചെയ്തതിന് ക്ലീൻ കേരള കമ്പനിക്ക് നൽകാൻ കൊണ്ടുവന്ന 45,50,900 രൂപയുടെ ബിൽ പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് മാറ്റിവെച്ചു. കൂടുതൽ ചർച്ചകൾക്കുശേഷം ഇത് പരിഗണിക്കാമെന്ന് കൗൺസിൽ തീരുമാനിച്ചു.
ഇത് രണ്ടാം തവണയാണ് ബിൽ അജണ്ടയിൽ ഉൾപ്പെടുത്തിയശേഷം മാറ്റുന്നത്. ക്ലീൻ കേരള കമ്പനിക്ക് നൽകിയ ബിൽ പുനഃപരിശോധന നടത്താമെന്നും നെഗോഷ്യേറ്റ് ചെയ്യാമെന്നും മേയർ എം.കെ. വർഗീസും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തിയും കൗൺസിലിനെ അറിയിച്ചു.
ക്ലീൻ കേരള കമ്പനിയുടെ ഉത്തരവാദിത്തത്തിൽതന്നെ ജീവനക്കാരെ ഉപയോഗിച്ച് ശക്തനിലെ മാലിന്യം തരംതിരിച്ച് കൊണ്ടുവരാമെന്ന വ്യവസ്ഥയുള്ളപ്പോൾ അത് മറച്ചുവെച്ചുകൊണ്ട് 100 താൽക്കാലിക തൊഴിലാളികളെ നിയമിച്ച് മാലിന്യം തരംതിരിച്ചതിൽ 19 ലക്ഷം രൂപയുടെ നഷ്ടം കോർപറേഷനുണ്ടായെന്നും ഈ തുക ക്ലീൻ കേരള കമ്പനിയുടെ ബില്ലിൽനിന്ന് കുറക്കണമെന്നും പ്രതിപക്ഷ കക്ഷി നേതാവ് രാജൻ പല്ലൻ കൗൺസിലിൽ ആവശ്യപ്പെട്ടു.
ഇതേതുടർന്നായിരുന്നു മേയറുടെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെയും മറുപടി. മാലിന്യനീക്കവുമായി ബന്ധപ്പെട്ട് വൻ അഴിമതി നടക്കുന്നുവെന്ന് രാജൻ പല്ലൻ ആരോപിച്ചു. ഈ വർഷം ഏപ്രിൽ മുതൽ ഗാർഹിക ആവശ്യങ്ങൾക്ക് ച. മീറ്ററിന് 18 രൂപയായി വർധിപ്പിച്ച ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ തീരുമാനവും അംഗീകരിക്കാതെ കൗൺസിൽ തള്ളി.
നികുതി വർധിപ്പിക്കുന്ന ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ തീരുമാനം തള്ളുന്നുവെന്ന് മേയർതന്നെ കൗൺസിലിൽ പ്രഖ്യാപിച്ചു. അനധികൃത നികുതി പിരിവ് വേട്ടയും പലിശയും പിഴപ്പലിശയും ഈടാക്കുന്നത് നിർത്തിവെക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരിൽനിന്ന് തുക ഈടാക്കണമെന്നും അനധികൃതമായ നികുതി പിരിവ് നിർത്തലാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ പ്ലക്കാർഡുകളുമായി നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.
നികുതി തീരുമാനത്തിൽ നിന്നുള്ള ഭരണകക്ഷിയുടെ പിന്മാറ്റം പ്രതിപക്ഷ വിജയമാണെന്ന് രാജൻ പല്ലൻ പറഞ്ഞു. 100 ദിവസംകൊണ്ട് നിശ്ചയിച്ചതിന്റെ 50 ശതമാനം നിരക്കിന് താഴെ മാത്രം ചെലവിട്ട് ശക്തനിലെ മാലിന്യമല നീക്കം ചെയ്ത് മറ്റു തദ്ദേശ സ്ഥാപനങ്ങൾക്ക് കോർപറേഷൻ മാതൃകയായെന്ന് മേയർ പറഞ്ഞു.
പ്രളയ, കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ഏപ്രിൽ മുതൽ നികുതി വർധന നടപ്പാക്കേണ്ടത് ഒഴിവാക്കി 2015ൽ നിലവിൽവന്ന 15 രൂപയിൽ മാറ്റം വരുത്താതെ നിലനിർത്താൻ തീരുമാനിച്ചു. കോർപറേഷൻ വൈദ്യുതി വിഭാഗം വികസനവുമായി ബന്ധപ്പെട്ട ഇലക്ട്രിസിറ്റി കമ്മിറ്റിക്ക് കൗൺസിൽ അംഗീകാരം നൽകി.
ശക്തനിലെ ഇന്‍സിനേറ്റര്‍ പ്രവര്‍ത്തിക്കുന്നതിനുള്ള കരാര്‍ ഉടമ്പടി വ്യവസ്ഥകള്‍ അംഗീകരിക്കാനും ഡിവിഷനുകളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തികൾ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് കരാറുകാരന് നിർദേശം നല്‍കുന്നതിനും ഗോള്‍ഡന്‍ ഫ്ലീ മാര്‍ക്കറ്റില്‍ വിജിലന്‍സ് കമ്മിറ്റി കണ്ടെത്തിയ അപാകതകള്‍ കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും തീരുമാനിച്ചു. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.