തൃശൂർ: മാർച്ചിലും വേനൽമഴ ഒഴിഞ്ഞുനിന്നതോടെ ജില്ല കടുത്ത വരൾച്ചയിലേക്ക്. വിഷുവിനു മുമ്പ് വേനൽമഴ കനിഞ്ഞില്ലെങ്കിൽ തൃശൂർ നഗരത്തിലടക്കം കുടിവെള്ള വിതരണം പ്രതിസന്ധിയിലാകുന്ന സാഹചര്യമാണുള്ളത്. നഗരത്തിലടക്കം കുടിവെള്ള വിതരണത്തിന് മുഖ്യമായും ആശ്രയിക്കുന്ന പീച്ചി ഡാമിൽ സംഭരണ ശേഷിയുടെ 15.63 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. ജില്ലയിലെ മറ്റു പ്രധാന ഡാമുകളായ ചിമ്മിനിയിൽ 12.54 ശതമാനവും വാഴാനിയിൽ 21.47 ശതമാനവും വെള്ളമാണ് ഉള്ളത്. പീച്ചിയിൽനിന്ന് കുടിവെള്ള വിതരണത്തിനും ജലസേചനത്തിനും വെള്ളം ഉപയോഗിക്കുന്നുണ്ട്. ചാലക്കുടിയടക്കം കുടിവെള്ള സ്രോതസ്സായ പുഴകളിലും വെള്ളം കുറവാണ്.
മാർച്ചിൽ ഒറ്റപ്പെട്ട മഴ ചില ഭാഗങ്ങളിൽ കിട്ടിയെങ്കിലും ജില്ലയിൽ ചൂടും ഉച്ചസ്ഥായിലാണ്. ചിലയിടങ്ങളിൽ ചൂട് 40 ഡിഗ്രി തൊട്ടു. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്ന ജില്ലകളിലൊന്നാണ് തൃശൂർ. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ സാന്നിധ്യം കൂടിനിൽക്കുന്നത് ചൂടിന്റെ കാഠിന്യം തീവ്രമാക്കുന്നുണ്ട്. ചൂട് കൂടിയതോടെ പകൽ പുറത്തിറങ്ങുന്ന സാഹചര്യം പലരും ഒഴിവാക്കുകയാണ്. കൊടിയ വേനൽ കാർഷിക മേഖലക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
കടുത്ത വരൾച്ചമൂലം ജല പ്രതിസന്ധി നേരിടുന്ന ബംഗളൂരുവുമായുള്ള നമ്മുടെ അകലം കുറഞ്ഞുവരുന്നുവെന്ന സൂചനകളാണ് ഇപ്പോഴത്തെ അന്തരീക്ഷ നില നൽകുന്നതെന്ന് കാലാവസ്ഥ ശാസ്ത്ര ഗവേഷകനായ ഡോ. ഗോപകുമാർ ചോലയിൽ മുന്നറിയിപ്പ് നൽകുന്നു. ഇപ്പോഴത്തെ സാഹചര്യങ്ങളെ ദിശാസൂചകമായി എടുത്തില്ലെങ്കിൽ വൻ ദുരന്തമായിരിക്കും നാടിനെ കാത്തിരിക്കുകയെന്ന് ഡോ. ഗോപകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.