തൃശൂർ: ആതുര ശുശ്രൂഷരംഗത്ത് നിസ്വാർഥ സേവനം നൽകുന്ന തൃശൂർ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി 25 വർഷം പൂർത്തിയാക്കുന്നു. 1997ൽ ചാരിറ്റബ്ൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്ത് ആരംഭിച്ച സ്ഥാപനം ഒക്ടോബർ മുതൽ ഡിസംബർ വരെ വിവിധ പരിപാടികളോടെ രജത ജൂബിലി ആഘോഷിക്കും.
രാജ്യത്ത് ആദ്യമായി കോഴിക്കോട്ട് ഡോ. എം.ആർ. രാജഗോപാലിന്‍റെ നേതൃത്വത്തിൽ തുടങ്ങിയ പാലിയേറ്റിവ് കെയർ ക്ലിനിക്കിന്‍റെ മാതൃകയിലാണ് സൊസൈറ്റി തുടങ്ങിയത്. ഡോ. ഇ. ദിവാകരനാണ് കോഴിക്കോട്ടെ ആശയം സുഹൃത്തുക്കളുമായി പങ്കുവെച്ചത്.
ഡോ. ദിവാകരനടക്കം നാല് ഡോക്ടർമാരും രണ്ട് എഴുത്തുകാരും ഒരു സാമൂഹിക പ്രവർത്തകനും ചേർന്നാണ് രൂപംനൽകിയത്. തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയുടെ ഒരു ഭാഗത്ത് തുടങ്ങി പിന്നീട് ആരോഗ്യ വകുപ്പ് അനുവദിച്ച, അന്ന് തൃശൂർ നഗരത്തിൽ പ്രവർത്തിച്ചിരുന്ന ഗവ. മെഡിക്കൽ കോളജിന്‍റെ സർജറി ഒ.പി വിഭാഗത്തിലേക്ക് മാറ്റി.
മെഡിക്കൽ കോളജ് പൂർണമായും മുളങ്കുന്നത്തുകാവിലേക്ക് മാറ്റിയപ്പോൾ ഒഴിവുവന്ന കെട്ടിടത്തിലേക്ക് ജില്ല ആശുപത്രി മാറിയപ്പോൾ അവിടെ പാലിയേറ്റിവ് ക്ലിനിക് സ്ഥാപിച്ചു. 2008ൽ കിടത്തിചികിത്സ വിഭാഗവും 2011ൽ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ യൂനിറ്റും പ്രവർത്തനം തുടങ്ങി. 2000ത്തിൽ 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് കെയർ' എന്ന പരിശീലന -ഗവേഷണ കേന്ദ്രം സ്ഥാപിച്ചു.
സർക്കാർ ഒളരിക്കരയിൽ ലീസായി നൽകിയ സ്ഥലത്ത് 2018ൽ കെട്ടിടം പണിത് അനുബന്ധ യൂനിറ്റായ 'ഹോസ്‌പിസ് സെന്‍റർ' ആരംഭിച്ചു. ഞായർ ഒഴികെ രാവിലെ 9.30 മുതൽ വൈകീട്ട് നാലുവരെ പ്രവർത്തിക്കുന്ന ഒ.പിയിൽ ഇതുവരെ 20,000ത്തിലധികം പേർ ചികിത്സ തേടി. കിടത്തിചികിത്സയുണ്ട്.
ഡോക്ടറും നഴ്‌സും അടങ്ങുന്ന സംഘം, ക്ലിനിക്കിൽ എത്താൻ കഴിയാത്ത കിടപ്പുരോഗികളുടെ വീട്ടിലെത്തും. പുനരധിവാസത്തിന്‍റെ ഭാഗമായി രോഗബാധിതർക്കും പരിചരിക്കുന്ന ഉറ്റവർക്കും പേന, സോപ്പ് നിർമാണ പരിശീലനം നൽകുന്നുണ്ട്.
17 ഡോക്ടർമാരടക്കമുള്ള അറുപതോളം സന്നദ്ധ പ്രവർത്തകരാണ് ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. 28 ജീവനക്കാരുമുണ്ട്. ഒരു സേവനത്തിനും ഫീസ് ഈടാക്കാറില്ല. പൊതുസമൂഹത്തിൽ നിന്നു ലഭിക്കുന്ന സംഭാവനയാണ് കൈമുതൽ.
മാസം 15 ലക്ഷം രൂപ ചെലവ് വരും. ജില്ല പഞ്ചായത്ത്, കോർപറേഷൻ എന്നിവയുടെ സഹായവുമുണ്ട്. 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ 'കംപാഷണേറ്റ് തൃശൂർ' എന്ന പ്രവർത്തനം ഏറ്റെടുക്കുകയാണ്. സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ചിത്രരചന മത്സരം, പ്രബന്ധ മത്സരം എന്നിവ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.