തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതിരോധത്തിൽ നിൽക്കെ ഞായറാഴ്ച സി.പി.എം തൃശൂർ ജില്ല സെക്രേട്ടറിയറ്റ് യോഗം ചേരും. വിഷയം കൈകാര്യം ചെയ്തതിൽ ജില്ല നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് അടിയന്തരമായി യോഗം ചേരുന്നത്. തട്ടിപ്പിലുൾപ്പെട്ട പ്രവർത്തകർക്കെതിരെ നടപടിയെടുക്കാനാണ് യോഗമെന്നാണ് സൂചന.
സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പങ്കെടുക്കും. ഒന്നാം പ്രതിയും ബാങ്ക് മുൻ സെക്രട്ടറിയുമായ ടി.ആർ. സുനിൽകുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. രണ്ടാം പ്രതിയായ മാനേജർ എം.കെ. ബിജു പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയിലും സീനിയർ അക്കൗണ്ടൻറ് സി.കെ. ജിൽസ് തൊടുപറമ്പ് ബ്രാഞ്ചിലും അംഗമാണ്.
സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബേബി ജോണും കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണനും മുൻ മന്ത്രി എ.സി. മൊയ്തീനും കേരള ബാങ്ക് വൈസ് ചെയർമാൻ കൂടിയായ സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണനും യോഗത്തിൽ പങ്കെടുക്കും. ആരോപണത്തേക്കാളുപരി സഹകരണ വകുപ്പിെൻറയും പാർട്ടി തലത്തിലെയും കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണ്. വിഷയത്തിൽ സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തിയിലുമാണ്.
കരുവന്നൂരിൽ വലിയ തെറ്റ് സംഭവിച്ചെന്നും കർശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും നേതൃത്വം പ്രവർത്തകരോട് പോലും മറുപടി പറയാനാവാതെ വിഷമാവസ്ഥയിലാണ്. ശനിയാഴ്ച തൃശൂരിലെത്തിയ സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ വാർത്തസമ്മേളനം വിളിച്ചെങ്കിലും പിന്നീട് മാറ്റിവെച്ചത് പാർട്ടി അകപ്പെട്ട കുരുക്കിെൻറ ആഴം വ്യക്തമാക്കുന്നതാണ്.
എ. വിജയരാഘവെൻറ ഭാര്യ കൂടിയായ ആർ. ബിന്ദുവിെൻറ തെരഞ്ഞെടുപ്പ് ചെലവിനുപയോഗിച്ച പണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാന കമ്മിറ്റി അംഗവും ജില്ല സെക്രട്ടേറിയറ്റ് അംഗവുമുൾപ്പെട്ട രണ്ടംഗ കമീഷൻ മുമ്പ് നൽകിയ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തൽ പരാമർശിച്ചിട്ടും നടപടിയെടുക്കാതിരുന്നതും അന്നത്തെ കമീഷൻ റിപ്പോർട്ടും യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.