വടക്കാഞ്ചേരി: നഗരസഭ പരിധിയിൽ ഓണക്കാല ഗതാഗത തിരക്ക് നിയന്ത്രിക്കാൻ സെപ്റ്റംബർ 10 മുതൽ 20 വരെ താൽക്കാലിക ക്രമീകരണം ഏർപ്പെടുത്താൻ ചെയർമാൻ പി.എൻ. സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് അഡ്വൈസറി യോഗം തീരുമാനിച്ചു. ഷൊര്‍ണൂര്‍, ചേലക്കര ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഓട്ടുപാറ ബസ് സ്റ്റാൻഡിലേക്ക് കയറാതെ മുന്നിൽനിന്ന് ആളെ കയറ്റുകയും ഇറക്കണം.
തൃശൂരിൽനിന്ന് ചേലക്കര, ഷൊർണൂർ ഭാഗത്തേക്കുള്ള ബസുകൾ സ്റ്റാൻഡിലേക്ക് കയറണം. കുന്നംകുളം ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ സ്റ്റാൻഡിൽ കയറാതെ ആളുകളെ ഇറക്കണം. കുന്നംകുളം ഭാഗത്തേക്ക് പോകുന്നവ ഓട്ടുപാറ ബൈപാസ് വഴിയാണ് പോകേണ്ടത്. ഷൊര്‍ണൂര്‍ ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോകുന്ന ബസുകള്‍ കുറാഞ്ചേരി ബസ് സ്റ്റോപ്പിലേക്ക് കയറ്റിനിർത്തുകയും അത്താണി സെന്ററിലെ ബസ് സ്റ്റോപ്പിൽ നിര്‍ത്തുകയും ചെയ്യണം. ഷൊര്‍ണൂര്‍, ചേലക്കര ഭാഗത്തു നിന്ന് വരുന്ന ബസുകള്‍ നിശ്ചിത സ്റ്റോപ്പുകളില്‍ മാത്രം നിറുത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.
ഓട്ടുപാറ ബസ് സ്റ്റാൻഡില്‍ നിന്ന് ആരംഭിക്കുന്ന വേലൂര്‍ ബസുകള്‍ ബസ് സ്റ്റോപ്പുകളില്‍ നിന്നുമാത്രം ആളുകളെ കയറ്റലും ഇറക്കലും നിര്‍ബന്ധമായി പാലിക്കണം. സമയം കൃത്യമായി പാലിക്കണം. തൃശൂർ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ അത്താണി സെന്ററില്‍ നിന്ന് മാറി അത്താണി മേല്പാലത്തിനടുത്ത ബസ് സ്റ്റോപ്പിൽ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.
ബസുകൾ വടക്കാഞ്ചേരി സ്റ്റാൻഡ് കഴിഞ്ഞാൽ പിന്നെ വടക്കാഞ്ചേരി പൂര കമ്മിറ്റി ഓഫിസിനു മുമ്പിലെ സ്റ്റോപ്പിൽ ആളുകളെ ഇറക്കി ഓട്ടുപാറ സ്റ്റാൻഡിൽ കയറേണ്ടതാണ്. സ്റ്റിക്കര്‍ ഇല്ലാത്ത ഓട്ടോറിക്ഷകൾക്കെരെ ആർ.ടി.ഒ, പൊലീസ് നടപടി സ്വീകരിക്കും. വ്യാപാരികള്‍ നടപ്പാതയിൽ കച്ചവടസാധനങ്ങള്‍ വെക്കുന്നത് ഒഴിവാക്കണം.
പരുത്തിപ്ര പള്ളി മുതൽ വടക്കാഞ്ചേരി വരെ വഴിയോരകച്ചവടം നിരോധിക്കാനും തീരുമാനിച്ചു. തൃശൂർ-ഷൊർണൂര്‍ സംസ്ഥാനപാതയിലും കുന്നംകുളം റോഡിലും അനധികൃത പാര്‍ക്കിങ് പരമാവധി ഒഴിവാക്കി പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും യോഗം തീരുമാനിച്ചു. പി.ഡബ്ല്യു.ഡി റോഡിലുള്ള കുഴികൾ അടക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനു കത്ത് നൽകുന്നതിനും തീരുമാനിച്ചു. നഗരസഭ വൈസ് ചെയര്പേഴ്സൻ ഷീല മോഹന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻമാരായ എ.എം. ജമീലാബി, സി.വി. മുഹമ്മദ് ബഷീർ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.