തൃശൂർ: ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കോർപറേഷൻ ലൈസൻസോ മണി ലെൻഡിങ്ങ് ലൈസൻസോ ഇല്ലാതെ ഉയർന്ന പലിശ നിരക്കിൽ പണം നൽകിവന്നതിന് അറസ്റ്റിലായ സ്ഥാപന ഉടമകളെയും കൂട്ടാളികളെയും റിമാൻഡ് ചെയ്തു.
പുതിയതായി പ്രവർത്തനം ആരംഭിച്ച എസ്.ആർ ഫൈനാൻസ് എന്നപേരിലുള്ള സ്ഥാപനത്തെക്കുറിച്ച അന്വേഷണത്തിലാണ് ഉടമസ്ഥരായ കണിമംഗലം വർക്കേഴ്സ് നഗർ സ്വദേശി തോലത്ത് വീട്ടിൽ സജീന്ദ്രൻ (41), നിരവധി കേസുകളിൽ പ്രതിയായ മാറ്റാമ്പുറം സ്വദേശി കടവി വീട്ടിൽ രഞ്ജിത്ത് (41) എന്നിവരെയും കൂട്ടാളികളായ കൂർക്കഞ്ചേരി കണ്ണംകുളങ്ങര സ്വദേശിയായ പട്ടാട്ടിൽ വീട്ടിൽ വിവേക് (28), മാറ്റാംപുറം സ്വദേശിയായ കറുപ്പംവീട്ടിൽ അർഷാദ് (20) എന്നിവരെയും സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം അസി. കമീഷണർ സലീഷ് ശങ്കരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തത്. അത്യാവശ്യക്കാർക്ക് ഉയർന്ന പലിശ നിരക്കിൽ പണം നൽകുക എന്നതായിരുന്നു ഇവരുടെ പ്രവർത്തന രീതി. സജീന്ദ്രൻ, രഞ്ജിത്ത് എന്നിവർ പാർട്ണർമാരായും വിവേക് അർഷാദ് എന്നിവർ ജീവനക്കാരുമായാണ് പ്രവർത്തിച്ചിരുന്നത്.
സ്ഥാപനത്തിൽനിന്ന് പലർക്കുമായി പണം നൽകിയതിന്റെയും വാങ്ങിയതിന്റെയും രേഖകൾ കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രതിയായ സജീന്ദ്രനെതിരെ നെടുപുഴ പോലീസ് സ്റ്റേഷനിൽ ഒരു കേസ് നിലവിലുണ്ട്. കടവി രഞ്ജിത്തിനെതിരെ നെടുപുഴ, ഈസ്റ്റ്, വെസ്റ്റ്, ഒല്ലൂർ, വരന്തരപ്പിള്ളി, മണ്ണുത്തി, മെഡിക്കൽകോളജ്, വിയ്യൂർ പോലീസ് സ്റ്റേഷനുകളിലായി35ഓളം കേസുകളാണ് നിലവിലുള്ളത്. വിവേകിന് വിയ്യൂർ പോലീസ് സ്റ്റേഷനിൽ മൂന്നു കേസുകളാണുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ജെ. ജിജോ, സബ് ഇൻസ്പെക്ടർ ഫക്രുദ്ദീൻ, അസിസ്റ്റന്റ് എസ്.ഐമാരായ ജയലക്ഷ്മി, ദുർഗ്ഗാലക്ഷ്മി, സിവിൽ പൊലീസ് ഓഫിസർമാരായ ഹരീഷ്, ദീപക് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.