വാടാനപ്പള്ളി: കോവിഡ് ബാധിച്ച ദലിത് വയോധികക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി. ഏങ്ങണ്ടിയൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ 80കാരിക്കാണ് ദുരിതം നേരിട്ടത്. ഞായറാഴ്ച രാത്രി 11.30ന് വാർഡിലെ ആശാവർക്കർ സീമ ഗണേശൻ അറിയിച്ചതിനെ തുടർന്ന് ആർ.ആർ.ടി അംഗങ്ങളായ ഇർഷാദ് കെ. ചേറ്റുവ, എസ്.എ. നവാസ്, ആർ.എ. സെയ്ഫുള്ള, പി.എം. മുഹമ്മദ് റാഫി എന്നിവർ എത്തിയാണ് വയോധികയെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് കെയർ സെൻററിലെത്തിച്ചത്.
രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം എല്ലാവർക്കും കോവിഡ് ബാധിച്ച വീട്ടിൽ ഇർഷാദ് ചേറ്റുവ, നവാസ്, സെയ്ഫുള്ള എന്നിവരും ആബുലൻസ് ജീവനക്കാരും പി.പി.ഇ കിറ്റ് അണിഞ്ഞ് എത്തിയാണ് വയോധകയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ആശുപത്രി അധികൃതർ രോഗിയെയും കൂട്ടുവന്ന കോവിഡ് സ്ഥിരീകരിച്ച മകളെയും ആർ.ആർ.ടി അംഗങ്ങളെയും അര മണിക്കൂർ പുറത്തുനിർത്തിയെന്നാണ് പരാതി.
ആർ.ആർ.ടി അംഗങ്ങൾ ചോദ്യം ചെയ്തപ്പോൾ മാത്രമാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടറെത്തി പരിശോധിച്ച് ഇവരെ ഇവിടെ അഡ്മിറ്റ് ചെയ്യാൻ കഴിയില്ലെന്നറിയിച്ചു. ആർ.ആർ.ടി അംഗങ്ങൾ വിവരം ആരോഗ്യ വകുപ്പ്, വാർഡ് അംഗം എന്നിവരെ അറിയിച്ച് മറുപടിക്ക് കാത്തുനിൽക്കുന്നതിനിടയിൽ രോഗിയെ ഒരു മുന്നറിയിപ്പുമില്ലാതെ പുറത്തെ കാർ പോർച്ചിൽ കിടത്തിയ ശേഷം കോവിഡ് കെയർ സെൻററിെൻറ ഗ്രില്ലുകൾ അടച്ചുവെന്നാണ് ആക്ഷേപം. തുടർന്ന് വാർഡ് അംഗവും പൊലീസും എത്തി ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽജബ്ബാർ ഉൾെപ്പടെ ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് രാത്രി രണ്ടോടെയാണ് വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോവിഡ് വ്യാപന കാലത്ത് ആശുപത്രിയിൽനിന്ന് നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്ന് വാർഡ് അംഗം സുമയ്യ സിദ്ദീഖ് ആരോപിച്ചു.
അതേസമയം, ആശുപത്രിയിലെത്തിക്കുേമ്പാൾ രോഗിയുടെ അവസ്ഥ വളരെ മോശമായിരുന്നതിനാൽ വിദഗ്ധ ചികിത്സാസൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചുവെന്നും അപ്പോൾ രോഗിയുടെ കൂടെയുള്ളവർ നിർബന്ധം പിടിക്കുകയും ബഹളം വെക്കുകയുമായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.