വാടാനപ്പള്ളി: സി.പി.എം വനിത നേതാവ് സി.ബി. സുധയുടെ മകൻ അമൽ കൃഷ്ണൻ കൊല്ലപ്പെട്ട കേസിൽ പ്രതികളായ സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും കേസ് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ഏങ്ങണ്ടിയൂർ മണ്ഡലം കമ്മിറ്റി വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
അറക്കൽ ഗ്രൗണ്ട് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷന് സമീപം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കറിന്റെ നേതൃത്വത്തിൽ തടഞ്ഞു. തുടർന്ന് നടന്ന ധർണ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.
അമൽ കൃഷ്ണനെ കൊലപ്പെടുത്തിയ സി.പി.എം നേതാക്കളെ സംരക്ഷിക്കാൻ പാർട്ടി ഉന്നത നേതൃത്വം ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പഞ്ചായത്ത് ഓഫിസിന് മുന്നിൽ ക്രൂരമായാണ് അമലിനെ സി.പി.എം നേതാക്കൾ മർദിച്ചത്. കേസ് തേച്ചുമായ്ച്ച് കളയാനാണ് പൊലീസ് ശ്രമം.
ഇതിന്റെ ഭാഗമാണ് വീട്ടിൽ സംസ്കരിക്കാതെ ഐവർ മഠത്തിലേക്ക് കൊണ്ടുപോയത്. പ്രതികളായ സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്നും ജോസ് വള്ളൂർ പറഞ്ഞു. ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാട്, ഏങ്ങണ്ടിയൂർ മണ്ഡലം പ്രസിഡന്റ് യു.കെ. പീതാംബരൻ, ഡി.സി.സി സെക്രട്ടറി സി.എം. നൗഷാദ്, കെ.വി. സിജിത്ത് എന്നിവർ സംസാരിച്ചു.
കെ.കെ. ബാബു, അനിൽ പുളിക്കൻ, നൗഷാദ് ആറ്റുപറമ്പത്ത്, ഡി.സി.സി അംഗം ഇർഷാദ് കെ. ചേറ്റുവ, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുബൈദ മുഹമ്മദ്, സുനിൽ നെടുമാട്ടുമ്മൽ, അക്ബർ ചേറ്റുവ, നൗഷാദ് കൊട്ടിലിങ്ങൽ, ഒ.ജെ. ചാക്കോ, സി. മുസ്താക്കലി, എം.വി. അരുൺ, ശ്രീധരൻ മാക്കാലി, നിഖിൽ ജി. കൃഷ്ണ, എച്ച്.എം. നൗഫൽ, സി.എ. ബൈജു, സാലിഷ് തൃഷാര, ഒ.വി. സുനിൽ, എം.ജെ. ഘോഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.