വാടാനപ്പള്ളി: നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് വാടാനപ്പള്ളി രായംമരയ്ക്കാർ വീട്ടിൽ സുഹൈൽ (ഓട്ടോ സുഹൈൽ -42) പിടിയിൽ. ജൂണിൽ ചേറ്റുവ അഞ്ചാംകല്ലിലെ ടയർ കട കുത്തിത്തുറന്ന് പണവും സി.സി.ടി.വി കാമറകളും കവർന്ന കേസിലാണ് അറസ്റ്റ്.
രണ്ടാം ഭാര്യയുടെ പൊന്നാനിയിലെ വീട്ടിൽനിന്നാണ് വാടാനപ്പള്ളി സി.ഐ പി.ആർ. ബിജോയിയും എസ്.ഐ കെ.ജെ. ജിനേഷും ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പറവൂർ, കൊടുങ്ങല്ലൂർ, മതിലകം, വലപ്പാട്, വാടാനപ്പള്ളി, ചാവക്കാട്, വടക്കേക്കാട്, പൊന്നാനി, തിരൂർ, താനൂർ, അന്തിക്കാട്, കാട്ടൂർ, പേരാമംഗലം, പാവറട്ടി എന്നിവടങ്ങളിൽ ഇയാൾക്കെതിരെ മോഷണക്കേസുണ്ട്.
ആദ്യകാലത്ത് ഓട്ടോകൾ മാത്രം കളവു ചെയ്തിരുന്നതിനാലാണ് ഓട്ടോ സുഹൈൽ എന്ന പേര് വന്നത്. രണ്ടാഴ്ച മുമ്പ് ചാവക്കാട്ടുനിന്ന് 37 പവൻ സ്വർണം കവർന്നത് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തൃത്തല്ലൂരിലെയും ശാന്തി നഗറിലെയും വീടുകളിലാണ് മോഷണം നടന്നത്.
തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ്, ഇരിങ്ങാലക്കുട ഡെപ്യൂട്ടി സൂപ്രണ്ട് ഷാജ് ജോസ് എന്നിവരുടെ നിർദേശാനുസരണം അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. എസ്.ഐ ഗോപികുമാർ, എ.എസ്.ഐ മുഹമ്മദ് റാഫി, സീനിയർ സി.പി.ഒമാരായ മാർട്ടിൻ, അലി, രാജേഷ്, അനീഷ്, മുജീബ്, മണികണ്ഠൻ, റെനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.