വാടാനപ്പള്ളി: കടൽ ഭിത്തികൾ തകർത്ത് തിരകൾ അടിച്ച് കയറുമ്പോഴും കടലാക്രമണം തടയാനുള്ള ശാശ്വത പരിഹാരമായി വാടാനപ്പള്ളി ബീച്ചിൽ പുലിമുട്ട് നിർമിക്കണമെന്ന മുറവിളി കേൾക്കാൻ ആരുമില്ല.
ഓരോ വർഷവും കാലവർഷത്തിൽ കടലാക്രമണം കൂടുതൽ രൂക്ഷമാകുന്നുണ്ട്. 2001 മുതൽ മൂന്ന് വർഷങ്ങളിലായി 80ലധികം വീടുകൾ വാടാനപ്പള്ളി ബീച്ച് മുതൽ പൊക്കാഞ്ചേരി ബീച്ച് വരെ കടലെടുത്തു. ഏക്കർ കണക്കിന് സ്ഥലവും നൂറുകണക്കിന് തെങ്ങുകളും കടൽ കൊണ്ടുപോയി. സീവാൾ റോഡ് തകർന്നപ്പോൾ പുതിയ സ്ഥലമെടുത്ത് റോഡ് നിർമിച്ചെങ്കിലും അതും ഒലിച്ചുപോയി. ഇതോടെ റോഡ് ഗതാഗതം തടസ്സപ്പെട്ടു. കടലിൽ മത്സ്യബന്ധനത്തിന് പോയി രാത്രി മടങ്ങിവരുന്ന മത്സ്യ തൊഴിലാളികൾക്ക് ദിശയറിയാൻ വാടാനപ്പള്ളി ബീച്ചിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഗൈഡ് ലൈറ്റും നിലം പൊത്തിയിരുന്നു. തുടർന്ന് ഓരോ വർഷവും കടലോരത്ത് ലക്ഷങ്ങൾ ചെലവഴിച്ച് ഭിത്തി സ്ഥാപിക്കുന്നുണ്ടെങ്കിലും അടുത്ത വർഷത്തെ കടലാക്രമണത്തിൽ ഇവ തകരുകയാണ്.
ഭിത്തികൾ തകർത്താണ് വെള്ളം കയറി വീടുകൾ തകരുന്നത്. ഭിത്തി നിർമാണത്തിലെ പാകപ്പിഴവാണ് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. പുലിമുട്ട് നിർമാണമാണ് പരിഹാരമെന്ന ആവശ്യം പക്ഷേ, അധികൃതരാരും പരിഗണിക്കുന്നില്ല. കടലാക്രമണം ഉണ്ടാകുമ്പോൾ ജനപ്രതിനിധികൾ സന്ദർശിക്കുന്നതല്ലാതെ പുലിമുട്ട് നിർമാണത്തിന് നടപടി ഇല്ലാത്തത് തീരദേശവാസികളെ ചൊടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.