വാടാനപ്പള്ളി: പഞ്ചായത്തിലെ വടക്കുകിഴക്കൻ മേഖലയായ ചേലോട്, മണപ്പാട്, നടുവിൽക്കര പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം. വാട്ടർ അതോറിറ്റി അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധം ശക്തമാണ്. വിവിധയിടങ്ങളിൽ പൈപ്പിൽ കുടിവെള്ളം എത്തിയിട്ട് മാസമായി.
വാട്ടർ അതോറിറ്റി ഓഫിസിൽ നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിട്ടും വെള്ളം പമ്പ് ചെയ്യുന്നുണ്ടെന്ന് പറയുകയല്ലാതെ വിതരണം തടസ്സപ്പെടുന്നതിന്റെ സാങ്കേതിക കാരണം കണ്ടെത്താനും പരിഹരിക്കാനും അധികൃതർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. ഭീമമായ തുക നൽകിയാണ് പല വീട്ടുകാരും ടാങ്കറിൽ കുടിവെള്ളം കൊണ്ടുവരുന്നത്. എം.എൽ.എ അടക്കമുള്ളവരോട് ഈ ദുരിതാവസ്ഥ പറഞ്ഞിട്ടും പരിഹാരമാവാത്തതിനാൽ ചേലോട് റെസിഡന്റ്സ് അസോസിയേഷനും കുടുംബശ്രീയും അയൽക്കൂട്ടവും സംയുക്തമായി പ്രതിഷേധ യോഗം ചേർന്നു. തിലകൻ ചാളിപ്പാട്ട് അധ്യക്ഷത വഹിച്ചു.
കാദർ ചേലോട്, കെ. ഭാസ്കരൻ നായർ, ഷീജ വൈക്കാട്ടിൽ, രമ കോരത്ത്, സതി സത്യൻ പൊന്നുപറമ്പിൽ, സുരേഷ് തച്ചപ്പുള്ളി, സുഗുണ, മൂസ, രാജൻ കുറുമ്പൂര് എന്നിവർ സംസാരിച്ചു. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജലവിഭവ മന്ത്രിക്ക് പരാതി അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.