വാടാനപ്പള്ളി: ദേശീയ പാത അധികൃതർ പൊട്ടിയ പൈപ്പ് നന്നാക്കാതെ അടച്ചതിനാൽ ചേറ്റുവ, പടന്ന തീരദേശ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം. ചേറ്റുവ തീരദേശ മേഖലയിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളവിതരണം തടസ്സപ്പെട്ടിട്ട് മൂന്ന് മാസം പിന്നിട്ടു. ദേശീയ പാത വികസന പ്രവർത്തനങ്ങൾക്കായി കാന നിർമിക്കാനായി മണ്ണ്മാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുമ്പോഴാണ് കുടിവെള്ളപൈപ്പുകൾ പൊട്ടിയത്.
തകർന്ന പൈപ്പുകൾ യഥാസമയം നന്നാക്കാതെ പൊട്ടിയ പൈപ്പ് ദേശീയ പാത കരാർകമ്പനി തോഴിലാളികൾ അടക്കുകയാണ് ചെയ്യുന്നത്. മണ്ണ്മാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നത് രാത്രി ആയതിനാൽ പൈപ്പ് തകർന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടില്ല. ചേറ്റുവയിൽ പല സ്ഥലത്തും ഇതുപോലെ പൊട്ടിയ പൈപ്പുകൾ അടച്ച്മൂടിയിട്ടുണ്ട്.
വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം തടസ്സപ്പെടുന്നത് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ജില്ല കലക്ടർക്കും ദേശീയ പാത അതോറിറ്റിക്കും പരാതിനൽകി. ദേശീയ പാത അധികൃതർ തകർത്ത കുടിവെള്ള പൈപ്പുകൾ പുനഃസ്ഥാപിച്ച് തീരദേശത്തെ കുടിവെള്ളക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ലത്തീഫ് കെട്ടുമ്മൽ പരാതിയിൽ ആവശ്യപ്പെട്ടു. പരാതി സ്വീകരിച്ച കലക്ടർ തുടർനടപടിക്കായി വാട്ടർഅതോറിറ്റിക്കും ദേശീയ പാത അതോറിറ്റിക്കും നോട്ടീസ് അയച്ചു. ജില്ല കലക്ടറുടെ ഇടപെടലിൽ പരിസരപ്രദേശങ്ങളിലെ കുടുംബങ്ങൾ ഏറെ പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.