വാടാനപ്പള്ളി: എൻജിൻ തകരാർ കാരണം കടലിൽ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ട് കാറ്റിലും മഴയിലും തിരയിലുംപെട്ട് കരയിലേക്ക് ഇടിച്ചുകയറി തകർന്നു.
വാടാനപ്പള്ളി ചിലങ്ക ബീച്ചിൽ ഞായറാഴ്ച രാവിലെ 6.30നാണ് സംഭവം. പൊന്നാനിയിൽനിന്ന് രണ്ട് ദിവസം മുമ്പ് മത്സ്യബന്ധനത്തിനിറങ്ങിയ 'അനസ് മോൻ' എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന അഞ്ച് മത്സ്യത്തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒരാൾക്ക് നിസാര പരിക്കേറ്റു.
പൊന്നാനി കോയിലിക്കാ നഗറിൽ ഉസ്മാനാണ് (34) പരിക്കേറ്റത്. ഇയാളെ ആക്ട്സ് പ്രവർത്തകർ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനി സ്വദേശിക്ക് പുറമെ അഞ്ച് ബംഗാൾ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. മറ്റു ബോട്ടിലെ തൊഴിലാളികൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മറ്റ് ആറ് ബോട്ടുകൾ കാറ്റിലും കോളിലുംപെട്ട് മടങ്ങിപ്പോകാൻ കഴിയാതെ ചേറ്റുവ ഹാർബറിൽ അടുപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം പലപ്പോഴായി കാറ്റ് വീശിയടിച്ചിരുന്നു. ഇതാണ് ബോട്ടുകളുടെ താളം തെറ്റിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.