വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം. ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ചേറ്റുവ പടന്ന, ചിപ്പിമാട്, പൊക്കുളങ്ങര ബീച്ച്, മണപ്പാട്, വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ പുഴയോര മേഖലയായ നടുവിൽക്കര, പൊക്കാഞ്ചേരി എന്നിവിടങ്ങളിലാണ് ക്ഷാമം രൂക്ഷമായത്.
ടാപ്പുകളിൽ വെള്ളം എത്തിയിട്ട് രണ്ടാഴ്ച പിന്നിട്ടു. ഇവിടത്തുകാർ അർബാനയിൽ കലകളും കുടങ്ങളും നിരത്തിയാണ് അകലെ നിന്ന് കുടിവെള്ളം ശേഖരിച്ച് വരുന്നത്. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ചേറ്റുവയിലെ പൊതു പ്രവർത്തകൻ ലെത്തീഫ് കെട്ടുമ്മൽ ജില്ല കലക്ടർക്ക് പരാതി നൽകി. ജലസേചന വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
കുറച്ച് വർഷങ്ങളായി ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. രണ്ടാഴ്ച കൂടുമ്പോഴാണ് ജല അതോറിറ്റി കുടിവെള്ളം പമ്പിങ് തുടങ്ങുന്നത്. രണ്ടോ മൂന്നോ ദിവസം പമ്പിങ് ഉണ്ടാകുമെങ്കിലും എല്ലാ ഭാഗങ്ങളിലേക്കും വെള്ളം എത്താറില്ല.
തീരദേശത്ത് താമസിക്കുന്നവർക്ക് ചുറ്റുഭാഗവും ഉപ്പുവെള്ളം നിറഞ്ഞ പ്രദേശമായതുകൊണ്ട് പരിസരങ്ങളിൽ ഒന്നും ശുദ്ധജലം ലഭ്യമല്ലെന്ന് പരാതിയിൽ പറയുന്നു. പ്രദേശവാസികൾ 500 രൂപ കൊടുത്താണ് കുടിവെള്ളം വാങ്ങുന്നതെന്നും പരാതിയിലുണ്ട്. മാസത്തിൽ മൂന്നും നാലും തവണയാണ് ഇങ്ങനെ കുടിവെള്ളം വാങ്ങിക്കുന്നത്.
ഈ പ്രദേശത്ത് ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരും തൊഴിലുറപ്പ് തൊഴിലാളികളുമാണ്. മേഖലയിൽ ജല അതോറിറ്റി ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തിയതാണ്. കുടിവെള്ളം എത്തിക്കാൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.