മാള: കുതിച്ചും കിതച്ചും പുത്തൻചിറ വെള്ളൂർ കയർ സഹകരണ വ്യവസായ സംഘം. നീണ്ട മൂന്നു പതിറ്റാണ്ടായി ചലിക്കുന്ന കയർ വ്യവസായ കേന്ദ്രമാണിത്. എല്ലുമുറിയെ പണിയെടുക്കുന്ന തൊഴിലാളികൾ ഇവിടെയുണ്ട്. ഈ കേന്ദ്രത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന കയർ ആലപ്പുഴ ജില്ലയിൽ കയർ ഫെഡിലേക്കാണ് കയറ്റി അയക്കുന്നത്. അരലക്ഷം രൂപയുടെ ചകിരിച്ചോറ് എല്ലാ മാസവും ഇവിടെ ഉത്പാദനത്തിന് ഇറക്കുന്നുണ്ട്. ജില്ലയുടെ പരിസരപ്രദേശങ്ങളിൽ നിന്നാണ് മടൽ സംസ്കരിക്കുന്നത്. ഇത് ലാഭകരമല്ല എന്ന് പറയപ്പെടുന്നു. പല കയർ വ്യവസായ കേന്ദ്രങ്ങളും തമിഴ്നാട്ടിൽനിന്നാണ് ചകിരിച്ചോർ ഇറക്കുമതി ചെയ്യുന്നത്. അതാണ് ലാഭകരമെന്നാണ് പറയുന്നത്.
നൂറോളം സഹകാരികൾ ഉള്ള പുത്തൻചിറ വ്യവസായ സംഘം കുടിൽ വ്യവസായമായാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. പിന്നീട് ഇത് ഒറ്റ കൂരക്കുള്ളിൽ ഒരു വ്യവസായ കേന്ദ്രം എന്ന നിലയിലേക്ക് മാറി. കയർ പിരിച്ചെടുക്കുകയും സംസ്കരിക്കുകയും ചെയ്യൽ യന്ത്രവത്കൃത സംവിധാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കയർ വിരിച്ചിടാൻ സ്ഥല പരിമിതിയുണ്ട്. ടാറിങ് നടത്തിയ റോഡാണ് ആശ്രയം.
രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ 25 തൊഴിലാളികൾ വിശ്രമമില്ലാതെ ജോലി ചെയ്യുന്നു. കഴിഞ്ഞ അഞ്ചുമാസമായി പക്ഷേ ശമ്പളം കുടിശ്ശികയാണ്. ദാരിദ്രരേഖക്ക് താഴെയാണ് പല കുടുംബങ്ങളും.
ശമ്പള കുടിശ്ശിക നൽകുകയാണെങ്കിൽ വലിയ ആശ്വാസമാകും. കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ നഷ്ടത്തിലാണ് വ്യവസായ സംഘം മുന്നോട്ടുപോകുന്നത്. സർക്കാർ സഹായം ഉണ്ടെങ്കിൽ ഇതിനെ ഇനിയും പിടിച്ചുനിർത്താൻ സാധിക്കും. കുറച്ചുകൂടി നല്ല രീതിയിലേക്ക് കെട്ടിടത്തെ മാറ്റി പണിയേണ്ടതുണ്ട്. ഒരു തീപ്പൊരി വീണാൽ വൻ അഗ്നിബാധ ഉണ്ടാകാവുന്ന ഈ കമ്പനിയിൽ അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിച്ചിട്ടില്ലെന്നത് ഗുരുതര അനാസ്ഥയാണ്. വ്യവസായ കേന്ദ്രങ്ങൾക്ക് താഴു വീഴുമ്പോഴും പരിമിതികളിലും സംരക്ഷിച്ചു നിർത്തുകയാണ് തൊഴിലാളികൾ. പുരോഗതിയിലേക്ക് മുന്നേറണമെങ്കിൽ പക്ഷേ അധികൃതർ കണ്ണ് തുറന്നേ പറ്റൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.