തൃശൂർ: വീട്ടുപറമ്പിലെ നാളികേരങ്ങൾ പെറുക്കിയിടുന്നതിനിടയിൽ പാഞ്ഞെത്തിയ കാട്ടുപന്നി ഇടിച്ച് ഒരാളുടെ ജീവനെടുത്ത് മറഞ്ഞു...വരവൂരിൽ കഴിഞ്ഞദിവസമുണ്ടായ സംഭവത്തിന്റെ ഞെട്ടലിലും ഭീതിയിലുമാണ് മലയോരമേഖലയോട് ചേർന്ന ജനവാസ പ്രദേശങ്ങൾ. എരുമപ്പെട്ടി വരവൂരും വടക്കാഞ്ചേരിയും വാഴാനിയും ചേലക്കരയും അകമലയും പുത്തൂരും പീച്ചിയും ആമ്പല്ലൂരും കൊടകരയും വെള്ളിക്കുളങ്ങരയും ചാലക്കുടിയും അതിരപ്പള്ളിയുമടക്കം നിരന്തരം ആനയും പന്നിയും കടുവയുമടക്കമുള്ള വന്യജീവികളുടെ ആക്രമണഭീതിയിലാണ്.
കൃഷിനാശമായിരുന്നു പ്രധാനമായും ഇതേവരെ ആശങ്കക്കിടയാക്കിയിരുന്നതെങ്കിൽ കഴിഞ്ഞദിവസം കാട്ടുപന്നി ഒരാളുടെ ജീവനെടുത്തതോടെ ജീവൻഭയത്തിലാണ്. കഴിഞ്ഞദിവസം വടക്കാഞ്ചേരി വാഴാനിയിൽ ആനകൾ വീട്ടുമുറ്റത്തെത്തി. കൊടകരയും വെള്ളിക്കുളങ്ങരയും ആമ്പല്ലൂർ പാലപ്പിള്ളിയിലെയും ജനങ്ങൾ നിരന്തരം വന്യമൃഗശല്യത്തിൽ ഉറക്കം നഷ്ടപ്പെട്ടവരാണ്.
ആഴ്ചകൾക്ക് മുമ്പേയാണ് വാഴാനി മേഖലയിൽ കൂട്ടത്തോടെ ആനകൾ നാട്ടിലിറങ്ങിത്തുടങ്ങിയത്. അതിരപ്പിള്ളി മേഖലയിൽ കടുവയാണ് പ്രശ്നക്കാരൻ. പശുവടക്കമുള്ള വളർത്തുമൃഗങ്ങളെ നാട്ടിലിറങ്ങി ശല്യം ചെയ്യുന്ന വന്യജീവികളെ പ്രതിരോധിക്കാൻ നടപടികളില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്. സൗരോർജവേലി സ്ഥാപിക്കുന്നതും വനംവകുപ്പിന്റെ പ്രത്യേക പട്രോളിങ്ങുമടക്കം സാധ്യമായ നിസാരമായ ആവശ്യങ്ങളിൽ പോലും മുഖം തിരിച്ചിരിക്കുകയാണ് അധികൃതർ.
ആക്രമണകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലാൻ നിയമമുണ്ടെങ്കിലും നടപ്പാക്കുന്നതിൽ ഇപ്പോഴും പ്രതിസന്ധിയുണ്ട്. വെടിവെക്കാൻ പരിശീലനം നേടിയവരെയും തോക്ക് ലൈസൻസുള്ളവരെയും കിട്ടാനില്ലാത്തതാണ് പ്രധാന തടസ്സം. ഇതോടൊപ്പം പലരും പല പ്രതിഫലമാണ് ആവശ്യപ്പെടുന്നത്. പന്നികളുടെ എണ്ണം കൂടുതലാണെങ്കിൽ തുക ഉയരും.
ചത്ത പന്നികളെ സംസ്കരിക്കേണ്ടതും തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. ഇതിനായി മണ്ണുമാന്തിയന്ത്രം അടക്കമുള്ളവ എത്തിക്കേണ്ടി വരുന്നതോടെ ചെലവ് കൂടും. വെടിവച്ച് മാത്രമാണ് പന്നികളെ കൊല്ലാൻ അനുവാദമുള്ളത്. കൊല്ലാനുള്ള ഉത്തരവും കൊന്നവരുടെ വിവരങ്ങളും മറവുചെയ്തതും രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണം.
പന്നിശല്യം കൂടുതലുള്ള മേഖലകളിൽ പരിഹാരംതേടി നാട്ടുകാർ സമീപിക്കുമ്പോൾ പഞ്ചായത്തുകൾക്കാണ് അധികാരമെന്ന് പറഞ്ഞ് മടക്കി അയക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.
അമ്പതോളം കാട്ടുപന്നികളെ വെടിവച്ച് കൊന്ന് ജില്ലയിൽ മാതൃകയായത് വള്ളത്തോൾ നഗർ പഞ്ചായത്താണ്. പെരിന്തൽമണ്ണയിലെ 15 അംഗ സംഘമായിരുന്നു ഇവിടെയെത്തിയത്. കഴിഞ്ഞദിവസം ഒരാളുടെ ജീവനെടുത്ത വരവൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പന്നിശല്യമുണ്ട്. നെഞ്ചിൽ ആധിയോടെയാണ് മലയോരമേഖലയിലുള്ളവരുടെ ജീവിതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.