അതിരപ്പിള്ളി: ഏഴാറ്റുമുഖത്ത് കാട്ടാന എണ്ണപ്പന റോഡിലേക്ക് മറിച്ചിട്ടതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഏഴാറ്റു മുഖത്തെ പ്രകൃതി ഗ്രാമം ടൂറിസം സെന്ററിന് മുൻവശത്തെ റോഡ് ഗതാഗതമാണ് തടസ്സപ്പെട്ടത്. എണ്ണപ്പനത്തോട്ടത്തിലെ പന കാട്ടാന തട്ടിമറിച്ചിട്ടതോടെ റോഡിന് കുറുകെ വീഴുകയായിരുന്നു. ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം.
ഇതോടെ കെ.എസ്.ആർ.ടി.സി ബസ്സടക്കം നിരവധി വാഹനങ്ങൾ മുന്നോട്ട് പോകാൻ കഴിയാതെ നിർത്തിയിട്ടു. നിരവധി സഞ്ചാരികൾ അതിരപ്പിള്ളിയിലേക്കും പ്രകൃതി ഗ്രാമത്തിലേക്കും വന്നെത്തുന്ന സമയമായിരുന്നു. ഇവരെ കണ്ട് കലിതുള്ളിയ കാട്ടാന ഇടയ്ക്കിടെ എണ്ണപ്പന തോട്ടത്തിൽ നിന്ന് അക്രമാസക്തനായി ഇറങ്ങി വന്നു. റോഡ് മുറിച്ച് പുഴയോരത്തേക്ക് പോകാനും ശ്രമിച്ചു. ഇത് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവിൽ വനപാലകർ ഇതിനെ ഏഴാറ്റുമുഖം വനമേഖലയിലേക്ക് കയറ്റി വിടുകയായിരുന്നു. രണ്ട് മണിക്കൂറിനു ശേഷം എണ്ണപ്പന റോഡിൽ നിന്ന് വെട്ടിമാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.