കെട്ടിടത്തിൽനിന്ന് വീണയാളെ ചികിത്സ ലഭ്യമാക്കാതെ ഉപേക്ഷിച്ചു; യുവാവ് മരിച്ചു, സുഹൃത്തുക്കളായ മൂന്നുപേര്‍ അറസ്റ്റില്‍

വെഞ്ഞാറമൂട്: യുവാവ് കെട്ടിടത്തിന്​ മുകളില്‍നിന്ന്​ വീണ് മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പിരപ്പന്‍കോട് അണ്ണല്‍ വിഷ്ണു ഭവനില്‍ വിഷ്ണു (30), കടകംപള്ളി ആനയറ വെണ്‍പാലവട്ടം ഈറോഡ് കളത്തില്‍ വീട്ടില്‍ ശരത്കുമാര്‍ (25), കടകംപള്ളി ആനയറ ഈറോഡ് കുന്നില്‍വീട്ടില്‍ നിധീഷ് (21) എന്നിവരാണ് അറസ്റ്റിലായത്. കോലിയക്കോട് കീഴാമലയ്ക്കല്‍ എള്ളുവിള വീട്ടില്‍ ഷിബു (31) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. വിഷ്ണുവിന്റെ സഹോദരിയുടെ വിവാഹത്തിനെത്തിയതായിരുന്നു മരിച്ച ഷിബുവും അറസ്റ്റിലായ മറ്റ് പ്രതികളും. രാത്രിയില്‍ നാല് പേരും ചേര്‍ന്ന് വിവാഹ വീടിനടുത്ത് നിർമാണത്തിലിരുന്ന കെട്ടിടത്തിന്​ മുകളില്‍ കയറി മദ്യപിച്ചശേഷം താഴേക്കിറങ്ങുന്നതിനിടയില്‍ ഷിബു കാല്‍വഴുതി വീഴുകയും സാരമായി പരിക്കേൽക്കുകയും ചെയ്തു. തുടര്‍ന്ന് അറസ്റ്റിലായ മൂവരും ചേര്‍ന്ന് ഷിബുവിനെ ആദ്യം കന്യാകുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയും പ്രഥമ ശുശ്രൂഷകള്‍ക്കുശേഷം ഡോക്ടറുടെ നിർദേശ പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പരിശോധിച്ച ഡോക്ടര്‍ സ്‌കാനിംഗിനും എക്‌സ്‌റേക്കും നിർദേശിച്ചു. എന്നാല്‍, മൂവരും ചേര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കാമെന്നും പറഞ്ഞ് നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി ഷിബുവിനെ ഓട്ടോയില്‍ കയറ്റി കൊപ്പത്തെത്തിച്ച് മറ്റൊരു സുഹൃത്തിനോട് വീട്ടിലെത്തിക്കാന്‍ പറഞ്ഞശേഷം കടന്നുകളഞ്ഞു. അയാളാണ് ഷിബുവിനെ വീട്ടിലെത്തിച്ചത്. എന്നാല്‍, രാത്രിയോടെ ഷിബുവിന്റെ നില വഷളാവുകയും ബന്ധുക്കൾ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ചികിത്സ കിട്ടാതെ ഷിബു മരിക്കാനിടയായതില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും മനഃപൂർവമായ നരഹത്യക്ക് കേസെടുത്ത് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.