'നീലയുടെ നിറഭേദങ്ങൾ' ചിത്ര പ്രദർശനത്തിന് തുടക്കം

തിരുവനന്തപുരം: നീലിമയുടെ അനന്തസൗന്ദര്യം അനാവരണം ചെയ്ത്​ 'നീലയുടെ നിറഭേദങ്ങൾ' ചിത്ര പ്രദർശനത്തിന് മ്യൂസിയം ഓഡിറ്റോറിയത്തിൽ തുടക്കം. ആഗസ്റ്റ് എട്ടുവരെ നീളുന്ന പ്രദർശനം അബ്‌കാരി വെൽഫെയർ ബോർഡ് ചെയർമാൻ കെ.എസ്. സുനിൽകുമാറും ചിത്രകാരൻ ബി.ഡി. ദത്തനും ചേർന്ന് ഉദ്​ഘാടനം ചെയ്തു. ചിത്രകല വിദഗ്ധൻ ജോർജ് ഫെർണാണ്ടസ് മുഖ്യാതിഥിയായിരുന്നു. ചിത്രകാരനും കേരള ഫിനാൻഷ്യൽ കോർപറേഷന്റെ ഡെപ്യൂട്ടി ജനറൽ മാനേജറുമായ ആദർശ് ആർ. നായരാണ് കാൻവാസിൽ 'നീലയുടെ നിറഭേദങ്ങൾ' ഒരുക്കിയത്​. മറ്റു ചിത്രകാരിൽനിന്ന് വ്യത്യസ്തമായി നീല നിറത്തിന് മാത്രം പ്രധാന്യം നൽകിയുള്ള അക്രിലിക്ക്, ഓയിൽ പെയിന്റുകളിൽ തീർത്ത 34 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്​. പ്രകൃതി, മനുഷ്യൻ, വികാരങ്ങൾ എന്നിങ്ങനെ മൂന്ന് മേഖലകളിലായി നീലയുടെ വൈവിധ്യങ്ങളിൽ വിരിഞ്ഞ ചിത്രങ്ങളാണിവ. ഒഴിവുദിനങ്ങളിലും രാത്രികളിലും സമയം കണ്ടെത്തിയാണ് ചിത്രങ്ങൾ വരച്ചത്​. രാവിലെ 11 മുതൽ വൈകീട്ട് ഏഴുവരെ നീളുന്ന നാല് ദിവസത്തെ പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. ആദർശിന്റെ ജീവിത പങ്കാളിയായ ബിന്ദുവിന്റെ ചിത്ര കലയുമായി ബന്ധപ്പെട്ട യൂ ട്യൂബ് ചാനലായ 'ദി ഒൺ ഇന്ത്യൻ ആർട്ട്' ആണ് ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.