എക്​സിക്യൂട്ടിവ്​ ഉദ്യോഗസ്ഥർക്ക്​ ഇനി മുങ്ങിനടക്കാനാവില്ല; ഓഫിസ്​ വിടണമെങ്കിൽ അനുമതി വാങ്ങണം

തിരുവനന്തപുരം: സംസ്ഥാന​ത്തെ ആർ.ഡി.ഒ ഓഫിസുകളിലും താലൂക്ക്​ ഓഫിസുകളിലും എക്​സിക്യൂട്ടിവ്​ പദവിയിലുള്ള ഉദ്യോഗസ്ഥർക്ക്​ ഇനി മുങ്ങിനടക്കാനാവില്ല. അതത്​ കലക്​ടർമാരുടെ അനുമതിയോടെ മാത്ര​േമ സ്വന്തം ഓഫിസിൽ നിന്ന്​ മാറിനിൽക്കാവൂവെന്ന്​​ ലാൻഡ്​​ റവന്യൂ കമീഷണർ കെ. ബിജു കർശനനിർദേശം നൽകി. പലരും കലക്​ടർമാരുടെ അനുമതിവാങ്ങാതെ ഓഫിസ്​ വിട്ടുപോകുന്നതായി ശ്രദ്ധയിൽപെട്ടതി​ൻെറ അടിസ്ഥാനത്തിലാണിത്​. അനുമതിവാങ്ങാതെ മറ്റ്​ ആവശ്യങ്ങൾക്കായി ഇവർ പോകുന്നതിനാൽ അധികാരപരിധിയിലുണ്ടാകുന്ന അടിയന്തരസാഹചര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന്​ തടസ്സമുണ്ടാകുന്നതായി പരാതി ഉയർന്നിരുന്നു. സബ്​കലക്​ടർ, ഡിവിഷനൽ ഓഫിസർ, തഹസിൽദാർ, തഹസിൽദാർ (ഭൂരേഖ) എന്നിവർ അടിയന്തരഘട്ടങ്ങളിൽ കലക്​ടറുടെ അനുമതി നിർബന്ധമായും വാങ്ങണം. അടിയന്തരഘട്ടങ്ങളിൽ സ്വന്തം ഓഫിസ്​ വിട്ടുപോകേണ്ടി വരുകയാണെങ്കിൽ ആ ഉദ്യോഗസ്ഥന്​ പകരം ഉദ്യോഗസ്ഥനെ കലക്​ടർ ചുമതലപ്പെടുത്തണമെന്നും നിർദേശം നൽകി. ജില്ല, താലൂക്ക്​ തലങ്ങളിൽ പ്രവർത്തിക്കുന്ന എമർജൻസി ഓപറേഷൻ സൻെററുകളിൽ 24 മണിക്കൂറും ഉദ്യോഗസ്ഥർ ഹാജരായിരിക്കണം. ഈ സംവിധാനങ്ങൾ പൂർണമായും പ്രവർത്തനസജ്ജമായിരിക്കണമെന്ന്​ ​കലക്​ടർമാർ ഉറപ്പുവരുത്തണമെന്നും ലാൻഡ്​​ റവന്യൂ കമീഷണറുടെ ഉത്തരവിൽ പറയുന്ന​ു. വടകര താലൂക്ക്​ ഓഫിസിൽ വെള്ളിയാഴ്​ച പുലർച്ചയുണ്ടായ തീപിടിത്തത്തി​ൻെറ പശ്ചാത്തലത്തിൽ കൂടിയാണിത്​. തീപിടിത്തത്തിൽ കെട്ടിടം മുഴുവൻ കത്തിനശിച്ചിരുന്നു. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.