നാടൻ രുചിയുമായി അഗ്രോ ഫെസ്​റ്റ്​; സ്​റ്റാളുകളിൽ ജനത്തിരക്ക്

തിരുവനന്തപുരം: പ്രകൃതിദത്ത ഭക്ഷ്യവസ്തുക്കളിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഒട്ടേറെ വിഭവങ്ങൾ, സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തി തയാറാക്കുന്ന പലഹാരങ്ങളും ഉൽപന്നങ്ങളും, വീട്ടുൽപന്നങ്ങളും ഉപകരണങ്ങളുമടക്കം 120 സ്​റ്റാളുകളിൽ ഒരുക്കിയ അഗ്രോ ഫുഡ് പ്രോ -2021 തലസ്ഥാന നഗരിയുടെ ശ്രദ്ധയാകർഷിക്കുന്നു. എല്ലാ സ്​റ്റാളിലും രണ്ട് ദിവസമായി ജനത്തിരക്കാണ്. നാടൻ രുചിവൈവിധ്യങ്ങളുടെയും കാർഷിക ഉൽപന്നങ്ങളുടെയും കലവറയാണ് ഇതെന്ന് സന്ദർശകരുടെ സാക്ഷ്യം. തൈക്കാട് പൊലീസ് പരേഡ് ഗ്രൗണ്ടിൽ വെള്ളിയാഴ്​ച ആരംഭിച്ച മേള 20 വരെയാണ് നടക്കുക. രാവിലെ 11 മുതൽ രാത്രി എട്ടുവരെ നടക്കുന്ന മേളയിൽ ഭക്ഷ്യസംസ്‌കരണ സാങ്കേതികവിദ്യയിലെ സമീപകാല പ്രവണതകളുൾപ്പടെ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്​ച രാവിലെ 11.30 മുതൽ 1.30 വരെ നടന്ന സെമിനാറിൽ കിഴങ്ങുവിളകളിൽ നിന്ന് ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനായി നിലവിലുള്ള സാധ്യതയും സാങ്കേതിക വിദ്യയും എന്ന വിഷയത്തിൽ ശ്രീകാര്യം സി.ടി.സി.ആർ.ഐ പ്രിൻസിപ്പൽ സയൻറിസ്​റ്റ്​ ഡോ. എം.എസ്. സജീവ് സംസാരിച്ചു. ഉച്ചക്ക്​ നടന്ന സെമിനാറിൽ മാംസ സംസ്‌കരണ ഉൽപന്നങ്ങളിലെ സാധ്യതകളും സാങ്കേതിക വിദ്യകളും വിഷയത്തിലെ സെമിനാറിൽ തൃശൂർ മണ്ണുത്തി കെ.വി.എ.എസ്.യു മീറ്റ് ടെക്‌നോളജി യൂനിറ്റ് അസി. പ്രഫസർ ഡോ. ഇർഷാദ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.