പൊലീസിന്​ കോടികളുടെ പുതിയ വാഹനങ്ങൾ; അതൃപ്തിയുമായി മറ്റ്​ വകുപ്പുകൾ

തിരുവനന്തപുരം: പൊലീസ്​ സേനക്കായി കോടികളുടെ പുതിയ വാഹനങ്ങൾ വാങ്ങാൻ​ അനുമതി നൽകിയ ധനവകുപ്പിന്‍റെ നടപടിയിൽ റവന്യൂ ഉൾപ്പെടെ മറ്റ്​ വകുപ്പുകൾക്ക്​ കടുത്ത അതൃപ്തി. വാഹനങ്ങൾ വാടകക്കെടുക്കാൻ പോലും മറ്റ്​ വകുപ്പുകൾക്ക്​ അനുമതി നിഷേധിച്ചെന്ന ആക്ഷേപമാണുള്ളത്​. പൊലീസിനായി നൂറിലധികം വാഹനങ്ങൾ വാങ്ങുകയും വിവിധ ജില്ലകളിലേക്ക്​ കൈമാറുന്ന നടപടികൾ ആരംഭിക്കുകയും ചെയ്തു. 44 ഫോഴ്​സ്​ ഗൂർഖ ജീപ്പുകളും 72 മഹീന്ദ്ര ബൊലേറോയുമാണ്​ വാങ്ങിയത്​. ഗൂർഖ വാഹനം ഒന്നിന്​ 14 ലക്ഷവും ബൊലേറോക്ക്​ എട്ടു ലക്ഷവുമാണ്​ അടിസ്ഥാന വില. 116 വാഹനങ്ങൾക്കായി കോടികളാണ്​ ചെലവാക്കിയത്​. വിവിധ ജില്ലകൾക്ക്​ വാഹനങ്ങൾ അനുവദിച്ച്​ പൊലീസ്​ ആസ്ഥാനത്തുനിന്ന്​ ഉത്തരവുമിറങ്ങി. വാഹനങ്ങൾ വാങ്ങിയത്​ വിവാദമാക്കുന്നതിൽ കാര്യമില്ലെന്നും പൊലീസ്​ സേനയുടെ ആധുനീ​കരണത്തിനായുള്ള പ്രത്യേക ഫണ്ടാണ്​ ചെലവഴിച്ചതെന്നുമാണ്​ ആഭ്യന്തരവകുപ്പിന്‍റെ വിശദീകരണം. എന്നാൽ, റവന്യൂ, ടൂറിസം വകുപ്പുകൾക്ക്​ ധനവകുപ്പിന്‍റെ നടപടിയിൽ പ്രതിഷേധമുണ്ട്​​. ഏറ്റവുമധികം ഫീൽഡ്​ ജോലി ചെയ്യേണ്ടിവരുന്ന വില്ലേജ്​ ഓഫിസർമാർക്ക്​ നാലോ അഞ്ചോ വില്ലേജിന്​ ഒരു വാഹനമെന്ന കണക്കിൽ 350 എണ്ണം വാടകക്കെടുക്കാൻ ശിപാർശ സമർപ്പിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ്​ അനുമതി നിഷേധിക്കുകയായിരുന്നു. അപേക്ഷകർ ഏർപ്പെടുത്തുന്ന വാഹനങ്ങളിൽ​ സൈറ്റ്​ പരിശോധനക്കുൾപ്പെടെ പോകേണ്ടിവരുന്നതാണ്​ വില്ലേജ്​ ഓഫിസുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ മൂലകാരണമെന്ന്​ റവന്യൂ അധികൃതർ പറയുന്നു. അതിനാൽ വകുപ്പിന്​ വാഹനങ്ങൾ ലഭ്യമാക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്​. ബിജു ചന്ദ്രശേഖർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.