ഗോഡൗണുകളിലെ മദ്യപരിശോധന: ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്​ക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആരംഭിക്കാനുദ്ദേശിക്കുന്ന ബിവറേജസ്​ കോർപറേഷൻ (ബെവ്കോ) വെയർഹൗസുകൾ, ഡിസ്റ്റലറികൾ എന്നിവിടങ്ങളിലെ മദ്യപരിശോധനക്ക്​ നിയോഗിച്ച എക്സൈസ് ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറക്കാനുള്ള നപടികളുമായി സർക്കാർ. ഉത്തരവിനെതിരെ എക്സൈസ് കമീഷണർ സർക്കാറിന്​ കത്തുനൽകി. ഇപ്പോൾതന്നെ വെയർഹൗസുകളിൽ എക്​സൈസ്​ ജീവനക്കാരുടെ എണ്ണം കുറവാണ്​. ഒരു സിഐ, ഒരു പ്രിവൻറീവ് ഓഫിസർ, രണ്ട് സിവിൽ എക്സൈസ് ഓഫിസ‍ർ എന്നിവരാണുള്ളത്​. എന്നാൽ പുതിയ വെയർഹൗസുകളിലുൾപ്പെടെ മദ്യനീക്കം നിരീക്ഷിക്കാൻ ഒരു ഉദ്യോഗസ്ഥൻ മതിയെന്നാണ് സർക്കാറി‍ൻെറ പുതിയ ഉത്തരവ്. നിർദേശം പിൻവലിക്കണമെന്ന്​​ എക്സൈസ് കമീഷണർ എസ്​. ആനന്ദകൃഷ്ണൻ സർക്കാറിന്​ നൽകിയ കത്തിൽ പറയുന്നു. നിലവിലുള്ള 23 ബെവ്​കോ ഗോഡൗണുകളിലേക്ക്​ എത്തുന്ന മദ്യത്തി‍ൻെറ സാമ്പിൾ പരിശോധന, ഔട്ട് ലെറ്റുകളിലേക്കും ബാറുകളിലേക്കും കൊണ്ടുപോകുന്ന മദ്യത്തി‍ൻെറ അളവ്​ പരിശോധന എന്നിവയെല്ലാം എക്സൈസ് ഉദ്യോഗസ്ഥർ നടത്തണമെന്നാണ് ചട്ടം. ഡിസ്റ്റലറികളിലും സമാനമായി ജോലി എക്സൈസി‍ൻെറ ഭാഗത്ത്​ നിന്നുണ്ട്​. ഗോഡൗണിൽ ജോലി ചെയ്യുന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ ശമ്പളം നൽകേണ്ടത് ബെവ്​കോയാണ്. നിലവിലുള്ളവക്ക്​ പുറമെ പുതിയ ഗോഡൗണുകൾ​ ആരംഭിക്കുന്നുണ്ട്​. പുതുതായി ആരംഭിക്കുന്ന 17 ഗോഡൗണുകളിൽ ഒരു എക്സൈസ് ഉദ്യോഗസ്ഥൻ മാത്രം മതിയെന്നും സി.സി.ടി.വി ഉപയോഗിച്ചുള്ള പരിശോധനയുടെ ആവശ്യമേയുള്ളൂവെന്നുമാണ് നികുതി സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്​. ബെവ്കോ എം.ഡിയുടെ ശിപാർശ പ്രകാരമാണ് സർക്കാർ ഉത്തരവിറക്കിയത്​. എന്നാൽ ഈ ഉത്തരവ് നിയമവിരുദ്ധമെന്നാണ് എക്സൈസ് കമീഷണർ സർക്കാറിനെ അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്ത്​ വ്യാജ മദ്യം തടയുന്നതിനും മദ്യവിൽപനയിൽ ക്രമക്കേടുണ്ടാകാതിരിക്കാനുമാണ് അബ്കാരി ചട്ട പ്രകാരം ഉദ്യോഗസ്ഥ സാന്നിധ്യം ഇവിടങ്ങളിലുള്ളതെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എക്സൈസ് വകുപ്പുമായി ആലോചിക്കാതെ ഉത്തരവിറക്കിയതിലുള്ള അതൃപ്തിയും കമീഷണർ കത്തിൽ പ്രകടിപ്പിച്ചിട്ടുണ്ട്​. ബിജു ചന്ദ്രശേഖർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.