Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 12:09 AM GMT Updated On
date_range 25 Feb 2022 12:09 AM GMTഗോഡൗണുകളിലെ മദ്യപരിശോധന: ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുന്നു
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആരംഭിക്കാനുദ്ദേശിക്കുന്ന ബിവറേജസ് കോർപറേഷൻ (ബെവ്കോ) വെയർഹൗസുകൾ, ഡിസ്റ്റലറികൾ എന്നിവിടങ്ങളിലെ മദ്യപരിശോധനക്ക് നിയോഗിച്ച എക്സൈസ് ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറക്കാനുള്ള നപടികളുമായി സർക്കാർ. ഉത്തരവിനെതിരെ എക്സൈസ് കമീഷണർ സർക്കാറിന് കത്തുനൽകി. ഇപ്പോൾതന്നെ വെയർഹൗസുകളിൽ എക്സൈസ് ജീവനക്കാരുടെ എണ്ണം കുറവാണ്. ഒരു സിഐ, ഒരു പ്രിവൻറീവ് ഓഫിസർ, രണ്ട് സിവിൽ എക്സൈസ് ഓഫിസർ എന്നിവരാണുള്ളത്. എന്നാൽ പുതിയ വെയർഹൗസുകളിലുൾപ്പെടെ മദ്യനീക്കം നിരീക്ഷിക്കാൻ ഒരു ഉദ്യോഗസ്ഥൻ മതിയെന്നാണ് സർക്കാറിൻെറ പുതിയ ഉത്തരവ്. നിർദേശം പിൻവലിക്കണമെന്ന് എക്സൈസ് കമീഷണർ എസ്. ആനന്ദകൃഷ്ണൻ സർക്കാറിന് നൽകിയ കത്തിൽ പറയുന്നു. നിലവിലുള്ള 23 ബെവ്കോ ഗോഡൗണുകളിലേക്ക് എത്തുന്ന മദ്യത്തിൻെറ സാമ്പിൾ പരിശോധന, ഔട്ട് ലെറ്റുകളിലേക്കും ബാറുകളിലേക്കും കൊണ്ടുപോകുന്ന മദ്യത്തിൻെറ അളവ് പരിശോധന എന്നിവയെല്ലാം എക്സൈസ് ഉദ്യോഗസ്ഥർ നടത്തണമെന്നാണ് ചട്ടം. ഡിസ്റ്റലറികളിലും സമാനമായി ജോലി എക്സൈസിൻെറ ഭാഗത്ത് നിന്നുണ്ട്. ഗോഡൗണിൽ ജോലി ചെയ്യുന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ ശമ്പളം നൽകേണ്ടത് ബെവ്കോയാണ്. നിലവിലുള്ളവക്ക് പുറമെ പുതിയ ഗോഡൗണുകൾ ആരംഭിക്കുന്നുണ്ട്. പുതുതായി ആരംഭിക്കുന്ന 17 ഗോഡൗണുകളിൽ ഒരു എക്സൈസ് ഉദ്യോഗസ്ഥൻ മാത്രം മതിയെന്നും സി.സി.ടി.വി ഉപയോഗിച്ചുള്ള പരിശോധനയുടെ ആവശ്യമേയുള്ളൂവെന്നുമാണ് നികുതി സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. ബെവ്കോ എം.ഡിയുടെ ശിപാർശ പ്രകാരമാണ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ ഈ ഉത്തരവ് നിയമവിരുദ്ധമെന്നാണ് എക്സൈസ് കമീഷണർ സർക്കാറിനെ അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് വ്യാജ മദ്യം തടയുന്നതിനും മദ്യവിൽപനയിൽ ക്രമക്കേടുണ്ടാകാതിരിക്കാനുമാണ് അബ്കാരി ചട്ട പ്രകാരം ഉദ്യോഗസ്ഥ സാന്നിധ്യം ഇവിടങ്ങളിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എക്സൈസ് വകുപ്പുമായി ആലോചിക്കാതെ ഉത്തരവിറക്കിയതിലുള്ള അതൃപ്തിയും കമീഷണർ കത്തിൽ പ്രകടിപ്പിച്ചിട്ടുണ്ട്. ബിജു ചന്ദ്രശേഖർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story