വിദ്വേഷ രാഷ്ട്രീയത്തിനെതിരെ മനസ്സുകൾ ഒന്നിക്കണം -പാളയം ഇമാം

തിരുവനന്തപുരം: മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന വിദ്വേഷ പ്രസംഗങ്ങൾക്കും മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പേരിലുള്ള കൊലപാതകങ്ങൾക്കുമെതിരെ സുമനസ്സുകൾ ഒന്നിക്കണമെന്ന് പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി. ജാതി-മത വ്യത്യാസങ്ങളില്ലാത്ത ഊഷ്മള സൗഹൃദബന്ധം നിലനിർത്തുന്ന നമ്മൾ വർഗീയ പരാമർശങ്ങളെ തള്ളുകയും സമൂഹത്തിൽ സൗഹൃദം തിരിച്ച്​ കൊണ്ടുവരാൻ ഈദ് ദിനം പ്രയോജനപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. പെരുന്നാൾ ദിനത്തിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ ഈദ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വർഗീയതയും വിദ്വേഷവും പ്രസംഗിക്കുന്നവരെ ഏത്​ മത-രാഷ്ട്രീയത്തിൽപെട്ടവരാണെങ്കിലും എല്ലാ മതക്കാരും രാഷ്ട്രീയകക്ഷികളും ചേർന്ന്​ ഒറ്റപ്പെടുത്തണം. അപകടകരമായ പല പ്രയോഗങ്ങളും വർഗീയ വിദ്വേഷവുമായി ബന്ധപ്പെട്ട്​ ചിലരുടെ നാവിൽനിന്ന്​ പുറത്തുവരുന്നു. കേട്ടുകേൾവിയില്ലാത്ത വിചിത്ര പരാമർശങ്ങളാണിത്​. ചായയിൽ മരുന്ന്​ കലക്കി മറ്റുള്ള മതക്കാരെ വന്ധീകരിക്കുമെന്ന അപകടകരമായ, അത്യാഹിതം നിറഞ്ഞ പ്രയോഗങ്ങളാണ്​ നടത്തുന്നത്​. ഭീകരമായ വിഷം ചീറ്റൽ​ നടക്കുന്നു. ഇത്തരം വർഗീയ പരാമർശങ്ങളിലൂടെ വിദ്വേഷം കത്തിക്കാനാണ്​ ശ്രമം. ഈ സാഹചര്യം ശക്തിപ്പെടുത്തുന്നതിന്​ പകരം അതിനെ കെടുത്തുകയാണ്​ വിശ്വാസികൾ ചെയ്യേണ്ടത്​. റമദാനിൽനിന്ന് നേടിയെടുത്ത ക്ഷമയും സഹനവും മുഴുജീവിതത്തിലും ഉൾക്കൊള്ളാൻ വിശ്വാസികൾ മുന്നോട്ട് വരണം. മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പേരിലെ കൊലപാതകങ്ങൾ ന്യായീകരണമർഹിക്കുന്നില്ല. നിയമം കൈയിലെടുക്കുന്നതിനെ ഇസ്​ലാം ശക്തമായി എതിർക്കുകയാണ് ചെയ്തത്. പ്രതിക്രിയകൾ വ്യക്തികളോ ഗ്രൂപ്പുകളോ ചെയ്യേണ്ടതല്ല. നിയമവാഴ്ച അംഗീകരിച്ച് മുന്നോട്ട് പോകാൻ എല്ലാവരും ബാധ്യസ്ഥരാണ്​. വെട്ടിന്​ വെട്ടും കൊലക്ക്​ കൊലയും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.