Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 12:08 AM GMT Updated On
date_range 4 May 2022 12:08 AM GMTവിദ്വേഷ രാഷ്ട്രീയത്തിനെതിരെ മനസ്സുകൾ ഒന്നിക്കണം -പാളയം ഇമാം
text_fieldsbookmark_border
തിരുവനന്തപുരം: മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന വിദ്വേഷ പ്രസംഗങ്ങൾക്കും മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പേരിലുള്ള കൊലപാതകങ്ങൾക്കുമെതിരെ സുമനസ്സുകൾ ഒന്നിക്കണമെന്ന് പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി. ജാതി-മത വ്യത്യാസങ്ങളില്ലാത്ത ഊഷ്മള സൗഹൃദബന്ധം നിലനിർത്തുന്ന നമ്മൾ വർഗീയ പരാമർശങ്ങളെ തള്ളുകയും സമൂഹത്തിൽ സൗഹൃദം തിരിച്ച് കൊണ്ടുവരാൻ ഈദ് ദിനം പ്രയോജനപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. പെരുന്നാൾ ദിനത്തിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ ഈദ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വർഗീയതയും വിദ്വേഷവും പ്രസംഗിക്കുന്നവരെ ഏത് മത-രാഷ്ട്രീയത്തിൽപെട്ടവരാണെങ്കിലും എല്ലാ മതക്കാരും രാഷ്ട്രീയകക്ഷികളും ചേർന്ന് ഒറ്റപ്പെടുത്തണം. അപകടകരമായ പല പ്രയോഗങ്ങളും വർഗീയ വിദ്വേഷവുമായി ബന്ധപ്പെട്ട് ചിലരുടെ നാവിൽനിന്ന് പുറത്തുവരുന്നു. കേട്ടുകേൾവിയില്ലാത്ത വിചിത്ര പരാമർശങ്ങളാണിത്. ചായയിൽ മരുന്ന് കലക്കി മറ്റുള്ള മതക്കാരെ വന്ധീകരിക്കുമെന്ന അപകടകരമായ, അത്യാഹിതം നിറഞ്ഞ പ്രയോഗങ്ങളാണ് നടത്തുന്നത്. ഭീകരമായ വിഷം ചീറ്റൽ നടക്കുന്നു. ഇത്തരം വർഗീയ പരാമർശങ്ങളിലൂടെ വിദ്വേഷം കത്തിക്കാനാണ് ശ്രമം. ഈ സാഹചര്യം ശക്തിപ്പെടുത്തുന്നതിന് പകരം അതിനെ കെടുത്തുകയാണ് വിശ്വാസികൾ ചെയ്യേണ്ടത്. റമദാനിൽനിന്ന് നേടിയെടുത്ത ക്ഷമയും സഹനവും മുഴുജീവിതത്തിലും ഉൾക്കൊള്ളാൻ വിശ്വാസികൾ മുന്നോട്ട് വരണം. മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പേരിലെ കൊലപാതകങ്ങൾ ന്യായീകരണമർഹിക്കുന്നില്ല. നിയമം കൈയിലെടുക്കുന്നതിനെ ഇസ്ലാം ശക്തമായി എതിർക്കുകയാണ് ചെയ്തത്. പ്രതിക്രിയകൾ വ്യക്തികളോ ഗ്രൂപ്പുകളോ ചെയ്യേണ്ടതല്ല. നിയമവാഴ്ച അംഗീകരിച്ച് മുന്നോട്ട് പോകാൻ എല്ലാവരും ബാധ്യസ്ഥരാണ്. വെട്ടിന് വെട്ടും കൊലക്ക് കൊലയും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story