വന്ദേഭാരത്​ പ്രഖ്യാപനം: കെ-റെയിലിൽ നിന്ന്​ സർക്കാർ പിന്മാറണം -കെ. മുരളീധരൻ

തിരുവനന്തപുരം: എല്ലാ സംസ്ഥാനങ്ങളിലും വന്ദേഭാരത്​ ട്രെയിൻ സർവിസ്​ കേന്ദ്രം പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ-റെയിൽ പദ്ധതിയിൽനിന്ന്​ സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന്​ കെ. മുരളീധരൻ എം.പി. കേന്ദ്രത്തിന്‍റെ പ്രഖ്യാപനം പിന്മാറ്റത്തിന്​ സർക്കാറിന്​ ലഭിച്ച സുവർണാവസരമാണ്​. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ഉൾപ്പെടെ മലബാറിലെ പാർട്ടി ഗ്രാമങ്ങളിൽ പോലും കെ- റെയിലിനെതിരെ ജനങ്ങൾ രംഗത്തുവന്നു. എം.പിമാർ വികസനം അട്ടിമറിക്കുന്നെന്ന മുഖ്യമന്ത്രിയുടെ നിലപാട്​ സംസ്ഥാനത്ത്​ നിന്നുള്ള ജനപ്രതിനിധികളെ അപമാനിക്കുന്നതാണ്​. സർക്കാർ ചെയ്യുന്ന എല്ലാ തെറ്റും ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം എം.പിമാർക്കില്ല. അതിനാലാണ്​ കെ-റെയിലിനെതിരെ ശക്തമായ നിലപാടെടുത്തത്​. അതേസമയം, എയിംസ്​, സഹകരണ സ്ഥാപനങ്ങളെ ആർ.ബി.ഐ പരിധിയിൽ കൊണ്ടുവരാനുള്ള ശ്രമം, ഹിന്ദുസ്ഥാൻ ലാറ്റക്സ്​ ഏറ്റെടുക്കൽ തുടങ്ങിയ ​സംസ്ഥാനത്തിന്‍റെ പൊതുവിഷയങ്ങളിൽ സർക്കാറിനൊപ്പം തങ്ങൾ നിലപാടെടുത്തിട്ടുണ്ട്​. ​പൊതുവിഷയങ്ങളിൽ യോജിച്ചുനിൽക്കുമ്പോഴും എതിർക്കേണ്ടവയെ എതിർക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.