തിരുവനന്തപുരം: വയനാട് മുട്ടിൽ മരം മുറിക്കേസിൽ ഇതുവരെ കണ്ടുകെട്ടാനായത് 22 കഷണം വീട്ടിത്തടികൾ മാത്രം. വിവാദ റവന്യൂ ഉത്തരവിന്‍റെ മറവിൽ സർക്കാറിലേക്ക് റിസർവ് ചെയ്ത രാജകീയ വൃക്ഷങ്ങൾ മുറിച്ചുകടത്തിയ കേസിലാണിത്. വയനാട് കൂടാതെ തൃശൂർ, എറണാകുളം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ഉൾപ്പെടെ വിവിധ ജില്ലകളിൽനിന്ന് 14.42 കോടിയുടെ മരം മുറിച്ച് കടത്തിയെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക കണക്ക്. ഈ ജില്ലകളിൽനിന്ന് ഏകദേശം 1800 തടിക്കഷണങ്ങളാണ് മുറിച്ച് കടത്തിയത്. വയനാട് ജില്ലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മികച്ച പ്രവർത്തനം കൊണ്ട് മാത്രമാണ് 22 കഷണങ്ങളെങ്കിലും സർക്കാറിലേക്ക് കണ്ടുകെട്ടാനായത്. 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെയാണ് വനം, റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായി വീട്ടിമരങ്ങൾ മുറിച്ച് കടത്തിയത്. സർക്കാറിലേക്ക് റിസർവ് ചെയ്ത മരങ്ങൾ മുറിക്കാൻ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചും വ്യാജരേഖകൾ കാണിച്ചും സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിന്നടക്കമാണ് മരങ്ങൾ മുറിച്ചത്. ഇവ ഇടനിലക്കാർ വഴി മരക്കച്ചവടക്കാർക്ക് വിൽക്കുകയും ചെയ്തു. സംസ്ഥാനത്ത് നിലവിലുള്ള 1964ലെ കേരള ഭൂമി പതിവ് ചട്ടം, വനം വകുപ്പിന്റെ കേരള പ്രമോഷൻ ഓഫ് ട്രീ ഗ്രോത്ത് ആക്ട് 2011, കേരള പ്രിസർവേഷൻ ഓഫ് ട്രീസ് ആക്ട് എന്നിവ പ്രകാരം തേക്ക്, ചന്ദനം, കരിങ്ങാലി, ഈട്ടി എന്നിവയുടെ അവകാശം സർക്കാറിൽ നിക്ഷിപ്തമാണ്. എന്നാൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ 2020 ഒക്ടോബർ 24ലെ ഉത്തരവ് പ്രകാരം ചന്ദനം ഒഴികെ എല്ലാ മരങ്ങളുടെയും അവകാശം കർഷകർക്കാണെന്നും മുറിക്കാൻ ആരുടെയും അനുവാദം വാങ്ങേണ്ടതില്ലെന്നും വ്യക്തമാക്കി. ഇതിന്‍റെ മറവിലായിരുന്നു മരം കൊള്ള. ഇടുക്കി ജില്ലയിൽനിന്ന് മാത്രം വനം, റവന്യൂ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി നിരവധി പാസുകൾ പ്രതികൾ സമ്പാദിച്ചു. മരംമുറി കേസ് അന്വേഷിച്ച പ്രത്യേക സംഘവും വനം വകുപ്പും കുറ്റക്കാരനെന്ന് കണ്ടെത്തിയ കൺസർവേറ്റർ എം.ടി. സാജനെ സംരക്ഷിക്കുകയാണ് ചെയ്തത്. അദ്ദേഹത്തെ സ്ഥാനക്കയറ്റം നൽകി ദക്ഷിണമേഖല വനം സർക്കിൾ മേധാവിയാക്കി. വയനാട് ഒഴികെ മറ്റ് ജില്ലകളിൽനിന്ന് മുറിച്ച് കടത്തിയ മരങ്ങൾ എവിടെപ്പോയെന്നതിൽ വനംവകുപ്പിന് മറുപടിയുമില്ല. കെ.എസ്. ശ്രീജിത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.