തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം. തോട്ടയ്ക്കാട് കരവാരം മരങ്ങാട്ട്കോണം സ്വദേശിനിയായ 24 കാരിയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം.
ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ പ്രസവസംബന്ധമായ ചികിത്സ തേടിയ യുവതിയെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇതിനായി ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി.
ആംബുലൻസ് പൈലറ്റ് പ്രതീഷ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നന്ദകുമാർ എന്നിവർ ആശുപത്രിയിലെത്തി യുവതിയുമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് തിരിച്ചു. ആംബുലൻസ് മംഗലപുരം എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നന്ദകുമാർ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് സുരക്ഷിതമല്ലെന്ന് മനസിലാക്കി ആംബുലൻസിൽ തന്നെ സജ്ജീകരണങ്ങൾ ഒരുക്കി.
പുലർച്ചെ 1.10ന് നന്ദകുമാറിന്റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഉടൻ പൊക്കിൾക്കൊടി ബന്ധം വേർപ്പെടുത്തി അമ്മക്കും കുട്ടിക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ഇരുവരെയും ആംബുലൻസ് പൈലറ്റ് പ്രതീഷ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.