തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണ സംവിധാനം നിലവിൽ വന്നിട്ട് 90 വർഷം തികയുന്നു. 1933 ഡിസംബർ 13നാണ് അന്നത്തെ വൈസ്രോയിയായിരുന്ന വില്ലിങ്ടൺ വെള്ളയമ്പലത്ത് നടന്ന ചടങ്ങിൽ ടാപ്പ് തുറന്ന് വെള്ളം കൈകളിലെടുത്ത് പദ്ധതി ഉദ്ഘാടനം ചെയ്തത്.
തിരുവനന്തപുരം നഗരത്തിന് കുടിവെള്ളമെത്തിക്കുന്നതിന് 15 കിലോമീറ്റർ അകലെ അരുവിക്കരയിൽ തടയണ കെട്ടി പ്രാഥമികമായ ശുദ്ധീകരണം നടത്തി 33 ഇഞ്ച് കാസ്റ്റ് അയൺ പൈപ്പിലൂടെ ജലം വെള്ളയമ്പലത്തെ ഫിൽറ്റർ ഹൗസിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പരുക്കൻ മണലിലൂടെയും കല്ലുകളിലൂടെയും കടത്തിവിട്ട് അണുനശീകരണം നടത്തിയായിരുന്നു വിതരണം. ഒട്ടേറെ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം 1928ലാണ് പദ്ധതിയുടെ രൂപരേഖ തയാറായത്. 1961ൽ നഗര ജനസംഖ്യ 1,35,000 പേരാകും എന്ന് കണക്ക് കൂട്ടിയാണ് പ്രതിദിനം 20 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ ആരംഭിച്ചത്. ഇന്ന് വിവിധ പദ്ധതികളിലൂടെ നഗരത്തിൽ 375 ദശലക്ഷം ലിറ്റർ വെള്ളം ജലഅതോറിറ്റി വിതരണം ചെയ്യുന്നുണ്ട്.
രാജഭരണകാലത്ത് തഹസിൽദാർമാരിലും പേഷ്കാർമാരിലും നിക്ഷിപ്തമായിരുന്ന ജലവിതരണ ചുമതല 1881ഓടെയാണ് മരാമത്ത് അസിസ്റ്റന്റ് എൻജിനീയറുടെ നിയന്ത്രണത്തിലാവുന്നത്. പിന്നീട് നാലു പതിറ്റാണ്ടുകൾക്ക് ശേഷമായിരുന്നു ജലവിതരണ രംഗത്ത് കാര്യമായ മാറ്റങ്ങളുടെ തുടക്കം.
1931ൽ രൂപമെടുത്ത വില്ലിങ്ടൻ വാട്ടർ വർക്സ് വൈസ്രോസിയും ഗവർണർ ജനറലുമായിരുന്ന വില്ലിങ്ടന്റെ പേരിലുള്ളതായിരുന്നു. എൻജിനീയർ ബാലകൃഷ്ണറാവു രൂപകൽപന നടത്തിയതാണ് തിരുവിതാംകൂറിലെ ആദ്യത്തെ ശുദ്ധജല പദ്ധതിയെന്നാണ് ചരിത്രരേഖകളിലുള്ളത്. അരുവിക്കരയിൽ നിന്ന് ആദ്യത്തെ നാലു മൈൽ ദൂരം 33 ഇഞ്ച് വ്യാസമുള്ള പൈപ്പുകളും അവിടെ നിന്ന് വെള്ളയമ്പലം വരെ 30 ഇഞ്ച് വ്യാസമുള്ള പൈപ്പുകളുമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇംഗ്ലണ്ടിൽ നിന്ന് കപ്പൽ മാർഗമാണ് പൈപ്പുകൾ കൊണ്ടുവന്നത്. 33 ഇഞ്ച് പൈപ്പുകൾക്കുള്ളിൽ 30 ഇഞ്ച് പൈപ്പ് കടത്തിവച്ചാണ് ഇവിടെ എത്തിച്ചതെന്നാണ് രേഖകൾ.
1941ൽ ബാലകൃഷ്ണറാവു സർവീസിൽ നിന്ന് പിരിഞ്ഞതോടെ വകുപ്പ് പി.ഡബ്ല്യൂ.ഡിയുടെ നിയന്ത്രണത്തിലായി. 1956ൽ എസ്. രാമചന്ദ്ര ചീഫ് എൻജിനീയറായതോടെ പബ്ലിക് ഹെൽത്ത് എൻജിനീയറിങ് വകുപ്പിന് രൂപം കൊടുത്തു. അരുവിക്കര ഡാമിന്റെ സംഭരണശേഷി വർധിപ്പിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ തുടർന്ന് പലഘട്ടങ്ങളിലായി നടന്നു. 48 ഇഞ്ച്, 40 ഇഞ്ച് വ്യാസമുള്ള പൈപ്പ് ലൈൻ പ്രവർത്തനസജ്ജമായി. പൂർണമായും അരുവിക്കരയിൽ ശുദ്ധീകരണ പ്രക്രിയ നടത്തിയ വെള്ളം റിസർവോയറിൽ പി.ടി.പി നഗർ, പേരൂർക്കട, നക്ഷത്രബംഗ്ലാവ് എന്നിവിടങ്ങളിൽ കേന്ദ്രീകരിക്കുകയും അവിടെ നിന്നും നഗരത്തിലാകെ എത്തിക്കുകയുമായിരുന്നു. വെള്ളയമ്പലം ശുദ്ധീകരശാലയിൽ 4.5 മില്യൻ ഗാലൻ ജലം ശേഖരിച്ചിരുന്നത് 8.5 മില്യൻ ഗാലൻ എന്ന നിലയിൽ വർധിപ്പിക്കുകയും ചെയ്തു.
പേപ്പാറ ഡാമിന്റെ നിർമാണവും നടത്തി. 1984 ലാണ് കേരള വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ അതോറിറ്റി എന്ന പേരിൽ സർക്കാർ നിയന്ത്രണത്തിലുള്ള ബോർഡ് വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നത്. പിന്നീടിത് വാട്ടർ വർക്സും വാട്ടർ അതോറിറ്റിയുമായി മാറുകയായിരുന്നു. തുടർന്ന് കൂടുതൽ പൈപ്പുലൈനുകൾ, ആധുനിക ജല ശുദ്ധീകരണ സംവിധാനങ്ങൾ തുടങ്ങിയവ നഗരത്തിലെ ജലവിതരണത്തിന് വാട്ടർ അതോറിറ്റി സജ്ജമാക്കി. .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.