തിരുവനന്തപുരം: ഡിസ്ചാർജ് ചെയ്തെങ്കിലും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഏറ്റെടുക്കാൻ ആളില്ലാതെ കഴിയുന്നത് 96 പേർ. ചികിത്സ പൂർത്തിയായി കിടത്തി ചികിത്സ ആവശ്യമില്ലെങ്കിയും പോവാൻ മറ്റിടങ്ങളില്ലാത്തവരാണ് ആശുപത്രിയിലെ ഒമ്പതാം വാർഡിൽ കഴിയുന്നത്.
ഡിസ്ചാർജ് എഴുതി മൂന്ന് വർഷംവരെ കഴിഞ്ഞവർ ഇക്കൂട്ടത്തിലുണ്ട്. ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും സഹായം കൊണ്ടും സന്നദ്ധ സംഘടനകളുടെ പിന്തുണ കൊണ്ടുമാണ് ഇവരുടെ ദൈനംദിന കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. സ്പോൺസർമാരുടെ സഹായത്തോടെയാണ് ഭക്ഷണാവശ്യങ്ങൾ നിറവേറ്റുന്നത്.
പുറത്തുനിന്ന് ഭക്ഷണമെത്തിക്കുന്നതിന് പകരം കുടുംബശ്രീ വഴിയോ സ്ഥിരമായി ആശുപത്രിയിൽ ഭക്ഷണമെത്തിക്കുന്നവരിലൂടെയോ അല്ലെങ്കിൽ ജയിൽ ഭക്ഷണമോ ആണ് ഇവർക്കെത്തിക്കുന്നത്. വസ്ത്രാവശ്യങ്ങളും മറ്റ് ദൈനംദിന കാര്യങ്ങളും ഇത്തരത്തിൽ സ്പോൺസർമാരുടെയോ ജീവനക്കാരുടെയോ സൻമനസ്സിലും.
ഇവരുടെ പുനരധിവാസത്തിന് ഷെൽട്ടർ ഹോമുകളെ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ഇത്തരത്തിൽ ഏറ്റെടുക്കുന്നവർക്കൊപ്പം തന്നെ പുതുതായി എത്തുന്നവരുടെ എണ്ണവും ഉയരുകയാണ്. കഴിഞ്ഞമാസം അന്തേവാസികളുടെ എണ്ണം 80ലേക്ക് താഴ്ന്നെങ്കിലും ഇൗ മാസം വീണ്ടും 96 ആയി.
നോക്കാനാളില്ലാതെ നാട്ടുകാർ എത്തിക്കുന്നത് മുതൽ വിദൂര ബന്ധുക്കളെന്ന പേരിലെത്തുന്നവർ കൊണ്ടാക്കുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. ബന്ധുക്കളെ കണ്ടെത്തുന്നതിന് നിയമവഴി നോക്കുന്നതിനൊപ്പം ഇവരുടെ പുനരധിവാസത്തിന് സാമൂഹികനീതി വകുപ്പ് വഴിയും ശ്രമങ്ങൾ നടക്കുന്നുണ്ട്.
കഴിഞ്ഞദിവസം ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ മന്ത്രി വീണ ജോർജ്, ഒമ്പതാം വാർഡിലെ സ്ഥിതിഗതികളും വിലയിരുത്തിയിരുന്നു. പത്തനംതിട്ട കുമ്പനാട് ഗില്‍ഗാലിനോട് മന്ത്രി ആവശ്യപ്പെട്ട പ്രകാരം 15 പേരെ ഏറ്റെടുക്കാന്‍ തയാറായി. ബാക്കിയുള്ളവര്‍ പുനരധിവാസം കാത്ത് കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.