തിരുവനന്തപുരം: നാലുവര്‍ഷ ബിരുദ കോഴ്സ് നടപ്പാക്കുമ്പോള്‍ മൂന്നാം വര്‍ഷമേ പഠനത്തിൽ വിടുതൽ നൽകാനാകൂവെന്നത് സങ്കുചിത നിലപാടാണെന്ന് തിരുവനന്തപുരം ഐസർ ഡയറക്ടർ പ്രഫ. ജെ.എൻ. മൂർത്തി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ വിദ്യാഭ്യാസനയം നിര്‍ദേശിച്ച പരിഷ്കാരങ്ങളില്‍നിന്ന് ആര്‍ക്കും മാറി നില്‍ക്കാനാവില്ല. വിദ്യാഭ്യാസ പരിഷ്കാരം നടപ്പാക്കാന്‍ ബാധ്യസ്ഥരാണ് സര്‍വകലാശാലകള്‍. അടുത്ത വര്‍ഷം ഐസര്‍ നടപ്പാക്കുന്ന ബി.എസ്-എം.എസ്. ഇരട്ട ഡിഗ്രി കോഴ്സില്‍ ബഹുവര്‍ഷ വിടുതല്‍ വ്യവസ്ഥയായിരിക്കും.
മൂന്നാം വര്‍ഷം മാത്രം വിടുതല്‍ നല്‍കുകയെന്ന സങ്കുചിത നിലപാടിനു പകരം ബഹുവര്‍ഷ വ്യവസ്ഥയാണ് അഭികാമ്യം. ക്രെഡിറ്റ് വിനിമയം നടത്തി മറ്റു സ്ഥാപനങ്ങളില്‍ പ്രവേശനം നേടാനും അതു സഹായിക്കും. മൂന്നാംവര്‍ഷം മാത്രം വിടുതല്‍ നല്കുന്ന കേരളത്തിലെ വ്യവസ്ഥ വിദ്യാര്‍ഥികളും അംഗീകരിക്കാനിടയില്ല -പ്രഫ. മൂര്‍ത്തി അഭിപ്രായപ്പെട്ടു. പഠനം കൂടുതല്‍ ആസ്വദിക്കാന്‍ ആഹ്ലാദകരമായ വിദ്യാഭ്യാസത്തിനാണ് കേന്ദ്രീയ വിദ്യാഭ്യാസം ഊന്നല്‍ നല്‍കുന്നതെന്ന് കേന്ദ്രീയ വിദ്യാലയ സംഘതന്‍ ഡെപ്യൂട്ടി കമീഷണര്‍ എന്‍. സന്തോഷ് കുമാര്‍ പറഞ്ഞു.
തിരുവനന്തപുരം ഐ.ഐ.എസ്.ടി. ഡയറക്ടര്‍ ഡോ.എസ്. ഉണ്ണിക്കൃഷ്ണന് നായര്‍, സി.ബി.എസ്.ഇ റീജനല്‍ ഓഫിസര്‍ എം.ഡി. ധർമാധികാരി, നൈപുണി വികസന റീജനല്‍ ഡയറക്ടര്‍ എച്ച്.സി. ഗോയല്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.