തിരുവനന്തപുരം: നഗരത്തിലെ പാർക്കിങ് പ്രശ്നത്തിന് പരിഹാരമായി തമ്പാനൂരിലെ മൾട്ടിലെവൽ വാഹന പാർക്കിങ് കേന്ദ്രം ബുധനാഴ്ച തുറക്കും. സെൻട്രൽ റെയിൽവേ സ്റ്റേഷന്റെയും ബസ് സ്റ്റാൻഡിന്റെയും പാർക്കിങ് കേന്ദ്രങ്ങളുണ്ടെങ്കിലും ഇവിടെ ഇരുചക്ര വാഹനങ്ങൾ റോഡിനുവശത്ത് പാർക്ക് ചെയ്യുന്നത് പതിവാണ്.
ഇത് ഗതാഗത കുരുക്കിനും ഇടയാക്കുന്നുണ്ട്. ഇതിന് പരിഹാരമായാണ് കോർപറേഷൻ ആധുനിക രീതിയിലുള്ള പാർക്കിങ് സംവിധാനം ഏർപ്പെടുത്തുന്നത്. ബുധനാഴ്ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. ഉദ്ഘാടന ശേഷമായിരിക്കും പാർക്കിങ് നിരക്ക് സംബന്ധിച്ച അറിയിപ്പ് ഉണ്ടാകൂ.
റെയിൽവേ കല്യാണ മണ്ഡപത്തോട് ചേർന്നുള്ള കോർപറേഷന്റെ 50 സെന്റ് സ്ഥലത്താണ് അഞ്ച് നിലകളുള്ള പാർക്കിങ് സമുച്ചയം ഒരുങ്ങുന്നത്. 18.89 കോടി ചെലവിട്ട പദ്ധതിയുടെ നിർമാണ ചുമതല ഹെതർ കൺസ്ട്രക്ഷൻസിനാണ്. കെ.എസ്.ആർ.ടി.സിയുടെ പാർക്കിങ് കേന്ദ്രത്തിൽ കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ളതിനാലാണ് ഇവിടെ ടൂ വീലർ പാർക്കിങിന് പ്രാധാന്യം നൽകിയത്. പാർക്കിങ് കേന്ദ്രത്തിൽ വനിതകൾക്കായി പ്രത്യേകം സ്ഥലം ഉണ്ടാകും.
തമ്പാനൂരിലെ മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രത്തിൽ മൊബൈൽ ആപ്പ് വഴിയായിരിക്കും സ്ലോട്ട് ബുക്കിങ്. ഇതിനായി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) ഡിസ്ക് ആപ്പ് തയാറാക്കുന്ന നടപടികളിലേക്ക് കടന്നിട്ടുണ്ട്. വാഹനങ്ങളുടെ എണ്ണം, പാർക്കിങ് ഒഴിവ് എന്നിവ ആപ്പിൽ അറിയാം. ഡ്രൈവർക്ക് എൻട്രി പാസ് നൽകും. എൻട്രിക്കും എക്സിറ്റിനും ബൂം ബാരിയേഴ്സും ഉണ്ടാകും.
പാർക്കിങ് ഫീസ് ഡിജിറ്റലായി അടക്കാം. നഗരസഭയിലെ ബഹുനില പാർക്കിങ് കേന്ദ്രം, പുത്തരിക്കണ്ടം, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ നിർദ്ദിഷ്ട പാർക്കിങ് കേന്ദ്രങ്ങൾ എന്നിവയെയും ആപ്പ് വഴി ബന്ധിപ്പിക്കും. ഇതോടെ പാർക്കിങ് കേന്ദ്രം കണ്ടെത്തുന്നതിന് ഏകീകൃത സ്വഭാവം കൈവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.