തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്ത സബ് രജിസ്ട്രാര്‍ക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന ഘട്ടത്തില്‍ ഇരട്ട പ്രമോഷന്‍ നല്‍കി സര്‍ക്കാറിെൻറ ആദരവ്. വിരമിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേയാണ് സബ് രജിസ്ട്രാർക്ക് ഇരട്ടസ്ഥാനകയറ്റം നല്‍കി ജില്ല രജിസ്ട്രാര്‍ തസ്തികയിലേക്ക് നിയമിച്ച് ബുധനാഴ്ച ഉത്തരവിറക്കിയത്.
നേമം സബ് രജിസ്ട്രാര്‍ ഓഫിസില്‍ 2022 ഡിസംബര്‍ 13ന് പൊലീസ് വിജിലിന്‍സ് നടത്തിയ പരിശോധനയിലാണ് സബ് രജിസ്ട്രാറായിരുന്ന ഇദ്ദേഹം പിടിയിലായത്. ഇദ്ദേഹത്തെ ഒന്നാം പ്രതിയും ഓഫിസ് അറ്റന്‍ഡൻറിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തു. വിജിലന്‍സ് പരിശോധന ദിവസംതന്നെ പിടികൂടിയ അറ്റൻഡറെ റിമാൻഡ് ചെയ്യുകയും സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍, ഒന്നാം പ്രതിയായ സബ് രജിസ്ട്രാറെ പാലക്കാട് ജില്ലയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനിടെയാണ് ഇരട്ട പ്രമോഷന്‍നല്‍കി ജില്ല രജിസ്ട്രാറാക്കി നിയമിച്ച് ഉത്തരവിറക്കിയത്. സാധാരണ അമാല്‍ഗമേറ്റ് സബ് രജിസ്ട്രാര്‍ സ്ഥാനക്കയറ്റം നല്‍കിയാണ് ജില്ല രജിസ്ട്രാറുടെ പദവിയിലെത്തിക്കുന്നത്. നിലവിലുള്ള കൊല്ലം ജില്ല രജിസ്ട്രാറെ (ഓഡിറ്റ്) അവധിയില്‍ പ്രവേശിപ്പിച്ച ശേഷമാണ് സ്ഥാനക്കയറ്റം നല്‍കിയത്. ഈ മാസംതന്നെ വിരമിക്കുന്ന ജില്ല രജിസ്ട്രാറും സംഘവുമാണ് വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട പ്രതിയെ ഇരട്ട സ്ഥാനക്കയറ്റം നല്‍കാന്‍ ചുക്കാന്‍പിടിച്ചതെന്ന് വകുപ്പിലെതന്നെ ചിലര്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.