തിരുവനന്തപുരം: ഭരണപ്രതിസന്ധി തുടരുന്ന പാങ്ങോട് പഞ്ചായത്തിൽ ഫണ്ട് നഷ്ടപ്പെടാൻ സാധ്യത. നേതൃസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രസിഡൻറ് രാജിെവച്ചതും വൈസ് പ്രസിഡൻറിന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്തതുമാണ് പ്രതിസന്ധിക്കിടയാക്കിയത്. 19 വാർഡുകളുള്ള പാങ്ങോട് പഞ്ചായത്തിൽ എൽ.ഡി.എഫ് -എട്ട്, യു.ഡി.എഫ് -ഏഴ്, വെൽഫെയർ പാർട്ടി -രണ്ട്, എസ്.ഡി.പി.ഐ -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുകളിൽ എസ്.ഡി.പി.ഐ പിന്തുണയിൽ എൽ.ഡി.എഫ് വിജയിച്ചെങ്കിലും വർഗീയ കക്ഷികളുടെ പിന്തുണ വേണ്ടെന്ന് കാണിച്ച് രാജിവെക്കുകയായിരുന്നു. ഇതോടെയാണ് പഞ്ചായത്ത് ഭരണം തുലാസിലായത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തവേളയിൽ പദ്ധതികൾ പൂർത്തിയാകാതെ ഫണ്ടുകൾ നഷ്ടെപ്പടാനുള്ള സാധ്യതയാണ് നിലവിലുള്ളത്.
മാർച്ചിനുമുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പെരുമാറ്റച്ചട്ടം നിലവിൽവരികയും ചെയ്താൽ അതിനുമുമ്പ് തീർക്കേണ്ട പദ്ധതികളുടെ തുക നഷ്ടമാകും. ലൈഫ് മിഷൻ ഭവനപദ്ധതി, സൗജന്യ കുടിവെള്ള പദ്ധതി തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായിരിക്കും ഇതോടെ മുടങ്ങുക. ക്ഷേമ പെൻഷനുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളും വൈകാൻ സാധ്യതയുണ്ട്. നേരത്തേ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചതോടെ ഉദ്യോഗസ്ഥ ഭരണവും അവസാനിച്ചിരുന്നു. ഇതോടെ പഞ്ചായത്തിലെത്തുന്നവർക്ക് വേണ്ട സഹായം ചെയ്യാനാകാതെ ഉദ്യോഗസ്ഥരും ബുദ്ധിമുട്ടുന്നുണ്ട്.
പഞ്ചായത്തിൽ അടിയന്തരമായി പ്രസിഡൻറിനെയും വൈസ് പ്രസിഡൻറിനെയും തെരഞ്ഞെടുക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിെവച്ചാൽ 30 ദിവസത്തിനകം വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അത് പാങ്ങോട് പാലിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ സാമ്പത്തികവർഷത്തെ ഫണ്ടിൽ 40 ശതമാനമേ ഇതുവരെ ചെലവഴിച്ചിട്ടുള്ളൂ. 60 ശതമാനം ചെലവഴിക്കേണ്ടതുണ്ട്. മാർച്ച് 31 വരെയാണ് അതിന് സമയമുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്് തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകാനുള്ള സി.പി.എമ്മിെൻറ ഗൂഢലക്ഷ്യമാണ് പഞ്ചായത്തിൽ നടപ്പാക്കുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി പറഞ്ഞു. ഇതുസംബന്ധിച്ച് പാർട്ടി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.