എയ്ഡഡ് കോളജ് നിയമനങ്ങൾ ഒറ്റ യൂനിറ്റാക്കി; നാലു ശതമാനം ഭിന്നശേഷി സംവരണം

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ നിയമനങ്ങളെ മാനേജ്മെന്‍റ് അടിസ്ഥാനത്തിൽ ഒറ്റ യൂനിറ്റായി പരിഗണിച്ച് നാലു ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കാൻ ഉത്തരവ്. എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ആർട്സ് ആൻഡ് സയൻസ്/ ട്രെയിനിങ്/അറബിക്/ എൻജിനീയറിങ്/ പോളിടെക്നിക് കോളജുകൾക്ക് ഉത്തരവ് ബാധകമാണ്. ഏക കോളജ് മാനേജ്മെന്‍റ് (യൂനിറ്ററി) വിഭാഗത്തിൽ കോളജുകൾ തസ്തികകൾ ഒന്നിച്ചെടുത്ത് ഒറ്റ യൂനിറ്റായി പരിഗണിച്ചായിരിക്കണം ഭിന്നശേഷി സംവരണം നടപ്പാക്കേണ്ടത്. എന്നാൽ, കോർപറേറ്റ് മാനേജ്മെന്‍റിന് കീഴിലുള്ള കോളജുകളിലെ തസ്തികകൾ സർവകലാശാല അടിസ്ഥാനത്തിൽ ഒറ്റ യൂനിറ്റായി വേണം ഭിന്നശേഷി സംവരണം നടപ്പാക്കേണ്ടത്.

1996 ഫെബ്രുവരി ഏഴു മുതൽ 2017 ഏപ്രിൽ 18വരെ മൂന്നു ശതമാനവും ഏപ്രിൽ 19 മുതൽ നാലു ശതമാനവും ഓരോ ഭിന്നശേഷി വിഭാഗത്തിനും ഒരു ശതമാനം വീതം ലഭിക്കുന്ന രീതിയിൽ സംവരണം നടപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഭിന്നശേഷി സംവരണം ഇതുവരെ നടപ്പാക്കാത്ത സ്ഥാപനങ്ങൾ 1996 മുതൽ 2017 ഏപ്രിൽ 18 വരെ മൂന്നു ശതമാനവും ഏപ്രിൽ 19 മുതൽ ഇതുവരെ നടത്തിയ നിയമനങ്ങളിൽ നാലു ശതമാനവും ബാക്ക്ലോഗ് (മുൻ നിയമനങ്ങളിലെ കുറവ്) ഒഴിവുകളായി കണക്കാക്കി ഇനിയുണ്ടാകുന്നവയിൽ സംവരണ പ്രകാരമുള്ള നിയമനം നടത്തണം. നിലവിൽ ഭിന്നശേഷിക്കാരെ നിയമിച്ചിട്ടുണ്ടെങ്കിൽ ബാക്ക്ലോഗിൽ കുറവ് വരുത്താം. 25 നിയമനങ്ങളടങ്ങളിയ ഓരോ ബ്ലോക്കിലും ആദ്യ തസ്തിക ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത് റൊട്ടേഷൻ അടിസ്ഥാനത്തിലുള്ള സംവരണ റോസ്റ്റർ തയാറാക്കണം. കാഴ്ച പരിമിതർ, ശ്രവണ പരിമിതർ, അംഗവൈകല്യമുള്ളവർ, ലോക്കോമോട്ടോർ ഡിസബിലിറ്റി/ സെറിബ്രൽ പാൾസി എന്നതായിരിക്കും മുൻഗണനാക്രമം.

സയൻസ് വിഷയങ്ങളിൽ കാഴ്ച പരിമിതർക്കുള്ള സംവരണം സാമൂഹികനീതി വകുപ്പിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരിക്കും. കായിക വിദ്യാഭ്യാസ വകുപ്പിനെ സംവരണ പരിധിയിൽനിന്ന് ഒഴിവാക്കാൻ ഭിന്നശേഷി കമീഷണറുമായി ആലോചിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും. സ്ഥാപനങ്ങൾ ഭിന്നശേഷി സംവരണം ഉൾപ്പെടുത്തിയ റോസ്റ്റർ സൂക്ഷിക്കുകയും ഹാജരാക്കുകയും വേണം. ഭിന്നശേഷി സംവരണ തസ്തികയിൽ അപേക്ഷകരില്ലാതെ വന്നാൽ ഒരിക്കൽകൂടി വിജ്ഞാപനം നടത്തണം. തുടർന്നും ആളില്ലെങ്കിൽ തൊട്ടടുത്ത പഠന വകുപ്പിലേക്ക് സംവരണം മാറ്റാം. ആർട്സ് ആൻഡ് സയൻസ്/ അറബിക്/ ട്രെയിനിങ് കോളജുകളിലെ അധ്യാപക തസ്തികകളിലെ ഭിന്നശേഷി സംവരണ ബാക്ക്ലോഗ് നിശ്ചയിക്കുന്നതിന് സർവകലാശാലകളെയും അനധ്യാപക തസ്തികകളിലേത് നിശ്ചയിക്കുന്നതിന് കോളജ് വിദ്യാഭ്യാസ ഡയറക്ടറെയും എൻജിനീയറിങ് കോളജുകളിലെ തസ്തികകളുടേത് എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയെയും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെയും ചുമതലപ്പെടുത്തി. പോളിടെക്നിക്കുകളിലെ ബാക്ക്ലോഗ് നിശ്ചയിക്കുന്നതിന്‍റെ ചുമതലയും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്കായിരിക്കും. പുതിയ ഉത്തരവ് പ്രകാരം സർവകലാശാല സ്റ്റാറ്റ്യൂട്ട്/ റെഗുലേഷനുകളിൽ ഭേദഗതി ആവശ്യമെങ്കിൽ മൂന്നു മാസത്തിനകം നടപ്പാക്കണം. ബാക്ക്ലോഗ് തസ്തികകൾ നികത്താൻ പ്രത്യേക വിജ്ഞാപനവും സംവരണ പ്രകാരമുള്ള നിയമനത്തിനായി പ്രത്യേക റാങ്ക് പട്ടികയും തയാറാക്കണം. 

Tags:    
News Summary - Aided college assignments made into a single unit; Four per cent fractional reservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.