തിരുവനന്തപുരം: ഡിജിറ്റൽ വായനക്കാലത്തും അച്ചടിമഷി മണക്കുന്ന പുസ്തകങ്ങളിലേക്ക് യുവാക്കളുടെ പ്രവാഹം. നിയമസഭ ലൈബ്രറിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് നിയമസഭാങ്കണത്തിൽ നടക്കുന്ന പുസ്തകോത്സവത്തിലാണ് പുതുതലമുറയുടെ ശ്രദ്ധേയ സാന്നിധ്യം.
സ്റ്റാളുകളിലെല്ലാം തിരക്കാണ്. പുതിയ എഴുത്തുകാർക്ക് മാത്രമല്ല മലയാളത്തിലെ ക്ലാസിക് കൃതികൾക്കും ആവശ്യക്കാരേറെ. പുസ്തകം വാങ്ങാനെത്തുന്നവരെക്കൂടാതെ പുതിയ പുസ്തകങ്ങളെ പരിചയപ്പെടാനെത്തുന്നവരും നിരവധി. പ്രമുഖ പ്രസാധകർക്കൊപ്പം സമാന്തര പ്രസാധകരും ഒറ്റയാൾ പ്രസാധകരുമടക്കം പുസ്തകമേളക്കാകെ വൈവധ്യങ്ങളുടെ ഉത്സവഛായയാണ്. ഭരണചലനങ്ങളുടെ രേഖപ്പെടുത്തലുമായി നിയമസഭ പ്രസിദ്ധീകരണാലയവും മേളയിലുണ്ട്.
നിയമസഭ മന്ദിരത്തിന് ചുറ്റും പന്തലിട്ട് പ്രത്യേക സംവിധാനങ്ങളോടെയാണ് സ്റ്റാളുകൾ ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തിന്നകത്തുനിന്നും പുറത്തുനിന്നുമടക്കം 86 പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്. ഒമ്പതുപുസ്തകങ്ങളുടെ പ്രകാശനവും പുസ്തകമേളയുടെ രണ്ടാം ദിവസത്തിൽ നടന്നു.
കവിയരങ്ങും സ്മൃതിസന്ധ്യയും പുസ്തകോത്സവത്തിന് കാവ്യഭംഗിയേകി. പുസ്തകോത്സവത്തിനൊപ്പം ചർച്ച സദസ്സുകളും സംഘടിപ്പിച്ചിട്ടുണ്ട്. ‘സമകാലികനോവലിന്റെ സഞ്ചാരവഴികൾ’ വിഷയത്തിലെ സംവാദത്തിൽ കെ.ആർ. മീര മുഖ്യാതിഥിയായി. സമൂഹത്തിന് സ്ത്രീകളോടുള്ള മനോഭാവത്തിൽ മാറ്റം വരണമെന്ന് അവർ പറഞ്ഞു.
സ്ത്രീകൾക്ക് തീരുമാനമെടുക്കാനുള്ള കഴിവില്ലെന്ന ധാരണ ഉന്നതമേഖലകളിൽ ഇടപെടുന്നവർപോലും കൊണ്ടുനടക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. മലയാളസാഹിത്യ മേഖലക്ക് ഉപകരിക്കുംവിധം കൃതികൾ എഡിറ്റ് ചെയ്യുന്നതിനായി പത്രാധിപ സമിതി ആരംഭിക്കുമെന്നും അവർ പറഞ്ഞു.
മാധ്യമപ്രവർത്തന മേഖലയിൽനിന്ന് എഴുത്തിലേക്ക് കടന്നുവന്നതിനെക്കുറിച്ചും പിന്നിട്ട വഴികളെക്കുറിച്ചും അവർ വിവരിച്ചു. സ്പീക്കർ എ.എൻ. ഷംസീർ, എൻ.ഇ. സുധീർ, ജി. സ്റ്റീഫൻ തുടങ്ങിയവർ സംബന്ധിച്ചു. ‘ഇ.എം.എസ് രാഷ്ട്രീയവും എഴുത്തുജീവിതവും’ എന്ന വിഷയത്തിലെ ചർച്ചയിൽ എം.എ. ബേബി, ടി.എം. തോമസ് ഐസക്, പ്രഫ.ജി. ബാലചന്ദ്രൻ, ഡോ. രാജൻ ഗുരുക്കൾ, കെ.ആർ. മല്ലിക എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.