തിരുവനന്തപുരം: ടെന്‍ഡര്‍ നടപടികള്‍ കാറ്റില്‍പറത്തി സ്കൂൾ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനുള്ള എസ്.എം.എസ് പദ്ധതി നടത്തിപ്പ് വഴിവിട്ട് സ്വകാര്യ ഏജൻസിക്ക് നൽകിയതുവഴി തിരുവനന്തപുരം കോര്പറേഷന് 67.70 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തി.
കോർപറേഷൻ കോമ്പൗണ്ടിൽ തന്നെയുള്ള ഹ്യൂമൻ റിസോഴ്സസ്, എംപ്ലോയ്മെന്റ് ആൻഡ് ഡെവലപ്മെന്റ് സെന്റർ (എച്ച്.ആർ.ഇ.ഡി.സി) എന്ന സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയത് സ്റ്റോർ പർച്ചേസ് മാന്വലും സർക്കാർ മാർഗരേഖകളും ലംഘിച്ചാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
കോർപറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനനിലവാരത്തിന്റെ വിവരങ്ങൾ എസ്.എം.എസ് മുഖേന രക്ഷാകർത്താക്കളെ അറിയിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ വിവരശേഖരണം, അവരുടെ ഫോട്ടോ സ്കാൻ ചെയ്ത് സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യൽ, ഫോട്ടോ ഐ.ഡി കാർഡുകളുടെ വിതരണം എന്നിവയാണ് സ്വകാര്യ ഏജൻസിയെ ഏൽപിച്ചത്.
ഐ.ഡി കാർഡ് അച്ചടിക്കരാറിലാണ് 67.70 ലക്ഷം നഷ്ടമുണ്ടാക്കിയത്. പൊതുവിപണിയിലെക്കാളും കൂടിയ നിരക്കിലാണ് ഇവർക്ക് കരാർ നൽകിയത്.
മുഴുവൻ കുട്ടികൾക്കും ഐ.ഡി കാർഡ് നൽകിയതുമില്ല. സർക്കാറിന്റെ അടക്കം മൂന്ന് പ്രിന്റിങ് ഏജൻസികളിൽനിന്ന് നിരക്കുകൾ ആരാഞ്ഞപ്പോഴാണ് നഷ്ടം വ്യക്തമായത്. തുക അനുവദിച്ചത് കോർപറേഷന്റെ പൊതുഫണ്ടിൽ നിന്നാണ്. യാതൊരു കരാറിലും ഏര്‍പ്പെടാതെയാണ് സര്‍ക്കാര്‍ അക്രഡിറ്റേഷനില്ലാത്ത ഏജന്‍സിയുമായി കോര്പറേഷന് കരാറിലേര്‍പ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.