തിരുവനന്തപുരം: അമ്പൂരി രാഖിമോൾ (28) വധക്കേസിൽ മുഖ്യപ്രതി അഖിലിന് (24)കുരുക്കായത് അതിബുദ്ധി. അന്വേഷണം വഴിതെറ്റിക്കാൻ നൽകിയ മൊബൈൽ ഫോൺ സന്ദേശമാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്.
വിരലടയാളം ഉപയോഗിച്ച് ഓൺ ചെയ്യുന്നതായിരുന്നു രാഖിയുടെ ഫോൺ. രാഖിയുടെ ശരീരം മറവ് ചെയ്തതോടെ ഈ ഫോൺ ഉപയോഗിക്കാൻ കഴിയാതായി. ഇതോടെ, സിം ഊരിയെടുത്ത് ഫോൺ ഉപേക്ഷിച്ചു. സെക്കൻഡ് ഹാൻഡ് ഫോൺ വിൽക്കുന്ന കടയിൽ നിന്ന് 600രൂപക്ക് മറ്റൊരു ഫോൺ അഖിലിന് വാങ്ങിനൽകിയത് ആദർശും രാഹുലുമായിരുന്നു.
ഈ ഫോണിൽ നിന്ന് അഖിൽ രാഖിമോളുടെ സിം ഉപയോഗിച്ച് രാഖിയുടെ മാതാപിതാക്കൾക്കും സുഹൃത്തുകൾക്കും നിരന്തരം സന്ദേശങ്ങൾ അയച്ചു. അഖിലിനെ പിരിയുകയാണെന്നും മറ്റൊരു സുഹൃത്തുമായി ചെന്നൈക്ക് പോകുന്നെന്നുമായിരുന്നു സന്ദേശം.
അഖിലിനെ കിട്ടാതായതോടെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന പൂവാർ മുൻ എസ്.എച്ച്.ഒ ബി. രാജീവും നെയ്യാറ്റിൻകര ഡിവൈ.എസ്.പിയായിരുന്ന എസ്. അനിൽകുമാറും അഖിലിന്റെ ബന്ധുക്കളെ നിരന്തരം സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. പൊലീസിന്റെ ശല്യം സഹിക്കവയ്യാതായതോടെ അഖിലിന്റെ ബന്ധുക്കൾ രാഖി മറ്റൊരാളോടൊപ്പം ഒളിച്ചോടിയതാണെന്നും ഈ വാദം സമർഥിക്കാൻ രാഖിമോളുടെ മൊബൈൽ നമ്പറിൽ നിന്ന് സുഹൃത്തുകൾക്ക് ലഭിച്ച സന്ദേശങ്ങൾ പൊലീസിന് കൈമാറുകയും ചെയ്തു.
അപ്പോഴാണ് സിംകാർഡ് യുവതിയുടേതാണെങ്കിലും അയച്ച ഫോൺ മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്നുള്ള അന്വേഷണത്തിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ആദർശിനെ പൊലീസ് പിടികൂടി. ആദർശിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ആദർശിന്റെ കുറ്റസമ്മത മൊഴിയിലാണ് അഖിലും രാഹുലും പൊലീസിന്റെ കസ്റ്റഡിലാകുന്നത്. പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ രാഖിയുടെ മൃതദേഹം അഖിലിന്റെ വീട്ടുവളപ്പിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.