തിരുവനന്തപുരം: അനന്തപുരി എഫ്.എമ്മിന്റെ അടച്ചുപൂട്ടലോടെ തിരശ്ശീല വീണത് തലസ്ഥാനത്തിന്റെ റേഡിയോ സംസ്കാരത്തിന്. വിവിധ് ഭാരതി എന്ന പേരിലാണ് എഫ്.എം പ്രക്ഷേപണം ആകാശവാണി ആരംഭിച്ചത്. കൂടുതൽ ഹിന്ദി പരിപാടികളായിരുന്നു ഉണ്ടായിരുന്നത്. ഒപ്പം ബോധവത്കരണാർഥമുള്ള ഏതാനും മലയാളം സ്പോൺസേർഡ് പരിപാടികളും.
2005ൽ കേരളപ്പിറവി ദിനത്തിലാണ് മലയാള പരിപാടികൾക്ക് പ്രാധാന്യം നൽകി അനന്തപുരി എഫ്.എം പ്രവർത്തനം തുടങ്ങിയത്. പരിപാടികളിലെ ഗൗരവസ്വഭാവത്തിൽ വിട്ടുവീഴ്ചയില്ലാതെ ആകാശവാണി കർക്കശസ്വഭാവം തുടർന്നപ്പോൾ ചലച്ചിത്ര ഗാനങ്ങൾ, ഫോൺ ഇൻ പരിപാടികൾ, സംവാദ പരിപാടികൾ, വിനോദ-സാംസ്കാരിക പരിപാടികൾ തുടങ്ങി യുവാക്കളെ ലക്ഷ്യമിട്ടുള്ള പരിപാടികളുമായെത്തിയ അനന്തപുരി വേഗം ജനപ്രീതിയാർജിച്ചു. യുവാക്കളെ മാത്രം ലക്ഷ്യമിട്ടുള്ള എഫ്.എമ്മുകൾ ആർത്തിരമ്പിയ കാലത്തും ആകാശവാണിക്ക് പിടിച്ചുനിൽക്കാനായത് അനന്തപുരി എഫ്.എമ്മിന്റെ ജനപ്രിയതയിലാണ്. അതുവരെ അവതാരകരുടെ ശബ്ദം മാത്രം കേട്ടിരുന്ന റേഡിയോയിലൂടെ പ്രേക്ഷകരുടെ ശബ്ദംകൂടി കേൾപ്പിച്ച ഫോൺ ഇൻ പരിപാടികൾ ജനം നെഞ്ചേറ്റി. മൊബൈൽ ഫോൺ വ്യാപകമാകാത്ത കാലത്തായിരുന്നു ഇത്. റേഡിയോ നിലയത്തിലേക്ക് കത്തുകളിലൂടെ മാത്രമായിരുന്നു അതുവരെ ശ്രോതാക്കളുടെ പങ്കാളിത്തം. അഞ്ച് മിനിട്ട് മുതൽ ഒരു മണിക്കൂർവരെ നീളുന്ന പരിപാടികൾ അനന്തപുരിക്കുണ്ടായിരുന്നു. ട്രാഫിക് നിയന്ത്രണങ്ങൾ, ജലവിതരണ തടസ്സങ്ങൾ തുടങ്ങി അറിയിപ്പുകളും ഓരോ മണിക്കൂറിലെയും പ്രധാന വാർത്തകളുമെല്ലാം അനന്തപുരി എഫ്.എമ്മിന്റെ പ്രത്യേകതകളായിരുന്നു.
70 കിലോമീറ്ററായിരുന്നു പ്രക്ഷേപണ പരിധിയെങ്കിലും 50 കിലോമീറ്റർവരെ തടസ്സങ്ങളും അപശബ്ദങ്ങളുമില്ലാതെ എഫ്.എം ലഭിച്ചിരുന്നു. തിരുവനന്തപുരത്തിന്റെ മിക്ക ഭാഗങ്ങളിലും കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ചിലയിടങ്ങളിലുമായി ഉണ്ടായിരുന്നത് 45 ലക്ഷം ശ്രോതാക്കളാണ്. 2022 ജനുവരി ഒന്നിന് അനന്തപുരി എഫ്.എമ്മിന്റെ പേരും പരിപാടികളും മാറ്റിയത് വിവാദമായിരുന്നു. അന്ന് വിവിധ് ഭാരതി ആകാശവാണി മലയാളം എന്ന പേരായിരുന്നു പകരം നൽകിയത്. ഒപ്പം ഹിന്ദി പരിപാടികളും കുത്തിനിറച്ചു. എഫ്.എം ചാനൽ നിയന്ത്രണം മുംബൈ വിവിധ് ഭാരതിക്കായി. ഇക്കാര്യം വ്യാപക പ്രതിഷേധത്തിനിടയാക്കി. തുടർന്ന് പേര് അനന്തപുരി വിവിധ് ഭാരതി മലയാളം എന്നാക്കി.
ഒരു ട്രാൻസ്മിറ്റർകൂടി സ്ഥാപിച്ചാൽ അനന്തപുരി എഫ്.എം അവസാനിപ്പിക്കുന്നത് ഒഴിവാക്കാമായിരുന്നെന്നാണ് പൊതു അഭിപ്രായം. 50 ലക്ഷം രൂപയാണ് ഇതിന് ചെലവ്. അങ്ങനെയെങ്കിൽ മീഡിയം വേവിന് പുറമെ ഒരു ട്രാൻസ്മിറ്ററിൽകൂടി ആകാശവാണിയും രണ്ടാമത്തേതിലൂടെ അനന്തപുരി എഫ്.എമ്മും പ്രക്ഷേപണം ചെയ്യാൻ കഴിയുമായിരുന്നു. ബംഗളൂരൂവിലും ഗോവയിലും ചെന്നൈയിലുമടക്കം ഇത്തരത്തിൽ ഒന്നിലധികം എഫ്.എം ചാനലുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.