തിരുവനന്തപുരം: തൊഴിലാളി അവകാശങ്ങൾക്ക് മാത്രമല്ല, പഠനകാലത്തും അവകാശങ്ങൾക്കുവേണ്ടി വീറോടെ പോരാടിയ വിദ്യാർഥി നേതാവായിരുന്നു ആനത്തലവട്ടം. നിലപാടുകളുടെ പേരിൽ ഹെഡ്മാസറ്ററുടെ കോപത്തിനും പ്രതികാരത്തിനുമിരയായി പത്താം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടിവന്നു.
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജീവിതാവസ്ഥകളിലും നെഞ്ചുറപ്പോടെ പ്രതിസന്ധികളെ വകഞ്ഞുമാറ്റിയാണ് വളർച്ച. വിദ്യാർഥി കാലത്തുതന്നെ കയർ തൊഴിലാളികുടെ പ്രശ്നങ്ങളിൽ ഇടപെട്ടായിരുന്നു ട്രേഡ് യൂനിയൻ മേഖലയിലേക്കുള്ള ചുവടുവെപ്പ്. അച്ഛനും അമ്മയും കയർ തൊഴിലാളികൾ. ദ്വീപിന് സമാനമായ പ്രദേശത്താണ് ആനന്ദന്റെ ജനനം. പുറത്തെത്താൻ കടത്ത് കടക്കണം.
ആശുപത്രിയാവശ്യത്തിനടക്കം രാത്രി മറ്റുള്ളവർക്കായി ആറ് നീന്തിയും മറ്റ് സഹായങ്ങൾ ചെയ്തും കയറിഴ പോലെ കരുപ്പിടിപ്പിച്ച വിദ്യാർഥി കാലം. സ്കൂളിലേക്ക് പോകുന്ന വഴിയിൽ കൂലിക്കായി കയർ തൊഴിലാളികൾ സമരത്തിനൊപ്പം മുദ്രാവാക്യം വിളിച്ച ശേഷമാണ് സ്കൂളിലേക്കുള്ള യാത്ര. ദ്വീപ് പോലുള്ള പ്രദേശത്തെ ചതയദിന ഉത്സവ പരിപാടികളുടെ സംഘാടകനായാണ് പൊതുപ്രവർത്തനത്തിലേക്കുള്ള തുടക്കം.
കേരളപ്പിറവി നടക്കുേമ്പാൾ ആനത്തലവട്ടം കടയ്ക്കാവൂർ ഹൈസ്കൂൾ വിദ്യാർഥിയാണ്. എൻ.സി.സിയുടെ അന്നത്തെ രൂപമായ ആക്സിലറി കാഡറ്റ് കോറിലെ (എ.സി.സി) അംഗങ്ങൾക്ക് 60 രൂപ യൂനിഫോമിന് അനുവദിച്ചെങ്കിലും ഹെഡ്മാസ്റ്റർ വിതരണം ചെയ്തില്ല.
കുട്ടികളുടെ ആവശ്യത്തെ തുടർന്ന് ഇത് നേരിട്ട് ചോദിച്ചതോടെ ഹെഡ്മാസ്റ്റർ ശത്രുവായി. സ്കൂൾ തെരഞ്ഞെടുപ്പിൽ ക്ലാസിൽ കയറി വോട്ട് തേടാൻ ആനന്ദന് ഹെഡ്മാസ്റ്റർ അനുവാദം കൊടുത്തില്ല. ഒടുവിൽ ഏറ്റവും കൂടുതൽ വോട്ടുവാങ്ങി ജയിച്ചായിരുന്നു പ്രതികാരം. അനുമോദനയോഗത്തിൽ വിരൽ ചൂണ്ടി നിന്റെ പഠിത്തം ഇല്ലാതാക്കുമെന്ന് വെല്ലുവിളിച്ച ഹെഡ്മാസ്റ്ററോട് ‘‘ഞാൻ വിദ്യാർഥികൾക്കുവേണ്ടി, നിൽക്കും, ആരെതിർത്താലും ശരി’’ എന്ന് തിരിച്ചടിച്ചു.
വിവിധ ആവശ്യങ്ങളുയർത്തി വിദ്യാർഥികൾ ആനന്ദന്റെ നേതൃത്വത്തിൽ ഏഴു ദിവസം നീണ്ട പഠിപ്പുമുടക്ക് നടത്തിയത് ഇക്കാലത്താണ്. വക്കം പുരുഷോത്തമന്റെ അച്ഛൻ ഭാനുപ്പണിക്കരും ഹെഡ്മാസ്റ്ററുമെല്ലാം ചേർന്ന് വീട്ടിൽ പരാതിയുമായി ചെന്നു. വീട്ടിൽ വഴക്കായി.
പഠിപ്പുമുടക്കിനെ നേരിടാൻ ഹെഡ്മാസ്റ്റർ പൊലീസ് സഹായം തേടി. പഠിപ്പുമുടങ്ങിയാൽ ആനന്ദനെ അറസ്റ്റ് ചെയ്യണമെന്ന് പൊലീസിന് കർശന നിർദേശം ലഭിച്ചു. അധ്യാപിക ആനന്ദനെ വീട്ടിലേക്ക് വിളിച്ചാണ് രക്ഷപ്പെടാൻ വഴിയൊരുക്കിയത്. പക്ഷേ, ടീച്ചറുടെ ആവശ്യം നിരസിച്ച് സമരത്തിനിറങ്ങി. സ്കൂളിലേക്ക് മാർച്ച് നടന്നെങ്കിലും പൊലീസ് ഒന്നും ചെയ്തില്ല. പ്രകോപിതനായ ഹെഡ്മാസ്റ്റർ എസ്.എസ്.എൽ.സി പാസായപ്പോൾ കോളജ് അഡ്മിഷൻ സമയം കഴിയുന്നതുവരെ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ചു.
മറ്റ് അധ്യാപകരുടെ ഇടപെടലിൽ ഹെഡ്മാസ്റ്റർ വഴങ്ങി. സർട്ടിഫിക്കറ്റിന് സ്കൂളിലേക്ക് വിളിപ്പിച്ചു. പക്ഷേ, ഒരു നിബന്ധനയുണ്ടായിരുന്നു. ‘‘സ്കൂളിനു മുന്നിലെ റോഡിൽ ഉച്ചക്ക് ഒരു മണി മുതൽ ഒരു മണിക്കൂർ സമയം എല്ലാവരും കൺകെ കുനിഞ്ഞുനിൽക്കണം. അനുസരിച്ചാൽ സർട്ടിഫിക്കറ്റ് തരാം’’ ഇതായിരുന്നു വ്യവസ്ഥ.
‘‘മനസ്സുണ്ടെങ്കിൽ തന്നാൽ മതി. റോഡിൽ കുനിഞ്ഞുനിന്ന് മാപ്പപേക്ഷിക്കാൻ തയാറല്ല’’ എന്ന് ഉറക്കെപ്പറഞ്ഞ് അവിടെ നിന്നിറങ്ങിപ്പോയി. അവസാനം ഏറെ കഴിഞ്ഞാണ് സർട്ടിഫിക്കറ്റ് കിട്ടിയത്. അപ്പോഴേക്കും പഠനാവസരങ്ങളെല്ലാം മുടങ്ങിയിരുന്നു. മാത്രമല്ല, പൊതുപ്രവർത്തനത്തിൽ സജീവമാകുകയും ചെയ്തിരുന്നു.
എ.സി.സി കാഡറ്റായിരിക്കെ, കൊട്ടാരക്കരയിലെ ക്യാമ്പിൽ നിന്ന് സൈന്യത്തിലേക്ക് സെലക്ഷൻ കിട്ടിയിരുന്നു. ക്യാമ്പിലെത്തണമെന്ന് ആവശ്യപ്പെട്ട് കത്തും വന്നു. ആനന്ദന് താൽപര്യമുണ്ടായിരുന്നെങ്കിലും അമ്മക്ക് താൽപര്യമുണ്ടായിരുന്നില്ല.
അതോടെ, പട്ടാളമോഹം ഉപേക്ഷിച്ചു. പിന്നീട് റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറായി ജോലി ലഭിച്ചു. സുഹൃത്തുക്കളായ തരേശൻ, സുന്ദരേശൻ, എന്നിവർക്കൊപ്പമായിരുന്നു ആനന്ദനും കത്ത് കിട്ടിയത്. പക്ഷേ, തൊഴിലാളി സമരം നടക്കുന്നതിനാൽ തനിക്ക് മെമ്മോ വന്ന വിവരം വീട്ടിലും പറഞ്ഞില്ല. സമരരംഗത്തുള്ള ഭാനുദാസൻ ഇക്കാര്യം ആനന്ദന്റെ പിതാവിനോട് പറഞ്ഞു.
‘വാമനപുരം നദി നീന്തി അക്കരെ നിൽക്കുമ്പോഴാണ് മറുകരയിൽ നിന്ന് അച്ഛന്റെ വിളിയെത്തുന്നത്. നാളത്തന്നെ ഇവർക്കൊപ്പം പോകണം. കാശ് ചിറ്റപ്പൻ തരും.’ കൽപനയായിരുന്നു അച്ഛന്റേതെന്ന് പിന്നീട് അഭിമുഖങ്ങളിൽ ആനത്തലവട്ടം ഓർമിച്ചിരുന്നു. തൊഴിലാളികളെ ഇങ്ങനെയിട്ട് താൻ പോകില്ല എന്ന് കട്ടായം പറഞ്ഞു. എല്ലാവർക്കും ദേഷ്യം. വീട്ടിൽ മൂത്തയാൾ ജോലികിട്ടിയിട്ടും പോകാഞ്ഞതോടെ വലിയ മുഷിപ്പും. അതോടെയാണ് ആനന്ദൻ വീടുമായി അകലുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.