തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാർച്ച് നടത്തി. പന്തംകൊളുത്തി പ്രകടനമായെത്തിയ പ്രവർത്തകർ വഴി നീളെ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ഫ്ലക്സ് ബോർഡുകൾ വലിച്ചുകീറി. സർക്കാറിന്റെ പ്രചാരണ ബോർഡുകളും നശിപ്പിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ദേവസ്വംബോർഡ് ജങ്ഷനും പരിസരവും കനത്ത പൊലീസ് വലയത്തിലായിരുന്നു.
വെള്ളിയാഴ്ച രാത്രി 9.15നോടെ രാജ്ഭവന് എതിർവശത്തെ അക്കാമ്മ ചെറിയാൻ സ്ക്വയറിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് ദേവസ്വം ബോർഡ് ജങ്ഷനിൽ പൊലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു. പ്രവർത്തകർ പന്തങ്ങൾ ബാരിക്കേഡിന് മുന്നിൽ കൂട്ടിയിട്ട് കത്തിച്ചു. തുടർന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. മുദ്രാവാക്യത്തെയും സ്വന്തം നിഴലിനെപ്പോലും പേടിക്കുന്ന പേടിത്തൊണ്ടനാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു.
രാഹുലിന് മെഡിക്കൽ ആനുകൂല്യത്തിന്റെ പേരിൽ ജാമ്യം വേണ്ട. കോടതിയിൽ ഹാജരാക്കിയത് ഡിസ്ചാർജ് സമ്മറിയാണ്. വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന എം.വി. ഗോവിന്ദന്റെ പരമാർശം നിലവാരമുള്ള നേതാവിന് ചേർന്നതല്ലെന്നും ബൽറാം കൂട്ടിച്ചേർത്തു.
തുടർന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പിരിഞ്ഞുപോയി. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ മാർച്ചിന്റെ ഭാഗമായി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, ജില്ല പ്രസിഡന്റ് നേമം ഷജീർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.