തിരുവനന്തപുരം: നേർച്ചപ്പണം വാങ്ങാനെന്ന പേരിലെത്തി പെൺകുട്ടിയെ കടന്നുപിടിച്ച നിയമ വിദ്യാർഥിപിടിയിൽ. കൊല്ലം അഞ്ചാലുമ്മൂട് സ്വദേശി ശ്യാം ജി. രാജ ആണ് (34) വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച പുലർച്ച കൊല്ലത്തെ വീട്ടിൽനിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചക്കാണ് തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. സംഭവം നടക്കുമ്പോൾ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കൈയിലെ തട്ടത്തിൽ ഭസ്മവുമായെത്തിയ ശ്യാം വാതിൽ തുറന്നപ്പോൾ അകത്തേക്ക് കയറാൻ ശ്രമിച്ചു.
നെറ്റിയിൽ കുറി തൊടാനെന്ന ഭാവത്തിലാണ് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചത്. പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ട് പെൺകുട്ടി നിലവിളിച്ചു. പേടിച്ചരണ്ടെങ്കിലും പെട്ടെന്നുള്ള ധൈര്യത്തിൽ അയാളെ പുറത്തേക്ക് തള്ളിമാറ്റി ഇറങ്ങി ഓടിയ പെൺകുട്ടി അടുത്ത വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞു. അയൽവാസികൾ എത്തിയപ്പോഴേക്കും ശ്യാം ഓടി രക്ഷപ്പെട്ടിരുന്നു.
സമീപത്തെ വീടുകളിലേയും കടകളിലേയും സി.സി ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വഞ്ചിയൂർ സ്റ്റേഷനിൽ എത്തിച്ച് ഇയാളെ ചോദ്യം ചെയ്തു.
തൃശൂരിൽ നിയമവിദ്യാർഥിയായ താൻ സിവിൽ സർവിസ് പരീക്ഷ എഴുതിയിട്ടുണ്ടെന്നും ജയിക്കാനായി 1001 വീടുകളിൽനിന്ന് പണം സ്വീകരിച്ച് കാവടിയുമായി പളനിക്ക് പോകാമെന്ന് നേർച്ചയുണ്ടായിരുന്നതായി ഇയാൾ പോലിസിനോട് പറഞ്ഞു. വീട്ടിലെത്തിയപ്പോൾ പെൺകുട്ടി മാത്രമേയുള്ളൂയെന്ന് വ്യക്തമായതിനെ തുടർന്നാണ് കടന്നുപിടിച്ചതെന്നും മൊഴി നൽകി.
തിരുവനന്തപുരം നഗരത്തിൽ സമാന രീതിയിൽ ഇയാൾ കുറ്റകൃത്യം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിനു ശേഷം പൊലീസ് അന്വേഷണം നടക്കുന്നതായി മനസ്സിലാക്കിയ ഇയാൾ അഞ്ചാലുംമൂട്ടിലെ വീട്ടിൽതന്നെ കഴിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.