ആറ്റിങ്ങൽ: വക്കത്ത് ഇറങ്ങുകടവിൽ നാലുവയസ്സുകാരനെ വീട്ടിൽ കടന്ന് നായ് ആക്രമിച്ച് പരിക്കേൽപ്പിച്ചു. വക്കം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ഇറങ്ങുകടവ് വാടയിൽവീട്ടിൽ അനൂപ്-അശ്വതി ദമ്പതികളുടെ മകൻ ആദിത്യനെയാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ നായ് ആക്രമിച്ചത്.
വീടിനുമുന്നിൽ അനുജനോടൊപ്പം കിളിക്കുകയായിരുന്നു കുട്ടി. കുരച്ചുകൊണ്ട് പാഞ്ഞുവരുന്നത് കണ്ട് രണ്ടുപേരും നിലവിളിച്ചുകൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നായ് പിന്തുടർന്ന് വീട്ടിൽ കയറി ആദിത്യനെ കടിച്ചു. കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആദിത്യനെ രക്ഷപ്പെടുത്തിയത്.
ദേഹമാസകലം സാരമായി മുറിവേറ്റ കുട്ടിെയ ഉടൻ തന്നെ അടുത്തുള്ള വക്കം ഗവ. ആശുപത്രിയിലും തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ആവശ്യമായ മരുന്നോ കുത്തിവെപ്പോ ഉണ്ടായിരുന്നില്ല. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചു.
അടുത്തിടെയായി പ്രദേശത്ത് തെരുവുനായ് ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കായലുവാരം കേന്ദ്രീകരിച്ച് പൗൾട്രിഫാമുകളിൽ നിന്നും അറവ്ശാലകളിൽ നിന്നും വൻതോതിൽ മാംസ അവശിഷ്ടങ്ങൾ, പാഴായ മത്സ്യം എന്നിവ നിക്ഷേപിക്കുന്നത് പതിവായതാണ് നായ്ശല്യം അതിരൂക്ഷമാകാനുള്ള പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.