ആറ്റിങ്ങൽ: പഴയകാല തപാൽ സംവിധാനത്തിന്‍റെ ഭാഗമായിരുന്ന ചിറയിന്‍കീഴ് പണ്ടകശാലയിലെ അഞ്ചലോഫിസ് കെട്ടിടം നശിക്കുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തന്ത്രപ്രധാന ആസ്ഥാനമായിരുന്ന അഞ്ചുതെങ്ങ് കോട്ടയിൽനിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയുള്ള പണ്ടകശാലയില്‍ ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പാണ് അഞ്ചലോഫിസ് സ്ഥാപിച്ചത്. അന്നത്തെ പ്രധാന വാണിജ്യകേന്ദ്രമായിരുന്നു പണ്ടകശാല.
അക്കാലത്തെ മികച്ച സൗകര്യങ്ങളാണ് അഞ്ചലോഫിസിൽ ഒരുക്കിയിരുന്നത്. പരമ്പരാഗത കേരളീയ രീതിയിലായിരുന്നു കെട്ടിട നിർമാണം. സ്വാതന്ത്ര്യലബ്ദിക്കുശേഷം അഞ്ചലോഫിസ് തപാൽ വകുപ്പായി മാറിയിട്ടും തപാൽ ഉരുപ്പടികളുടെ നീക്കം ഇവിടെനിന്നുതന്നെ നടന്നു.
2001ല്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പോസ്റ്റോഫിസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. ഇതോടെ അധികൃതര്‍ പഴയ അഞ്ചലോഫിസിനെ പൂര്‍ണമായും തഴഞ്ഞു. ടൂറിസത്തിന്‍റെ ഭാഗമായി സംരക്ഷിക്കാൻ ആലോചിച്ചെങ്കിലും വസ്തുവിന്‍റെ ഉടമാവകാശം തടസ്സമായി.
കെട്ടിടത്തിന്‍റെ ചുറ്റുപാടും കുറ്റിക്കാടുകള്‍ വളര്‍ന്ന് തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും കേന്ദ്രമായിരിക്കുകയാണ്. ഓടുകൾ സമീപത്തുള്ള മരച്ചില്ലകള്‍ വീണും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചും പൊട്ടിപ്പൊളിഞ്ഞ നിലയിലും. മേൽക്കൂര ഭാഗികമായി തകർന്നിട്ടുണ്ട്. മണ്‍കട്ടകള്‍കൊണ്ട് നിര്‍മിച്ച ചുമരുകള്‍ മഴയിൽ കുതിർന്ന് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു.
കഠിനംകുളം കായലില്‍ ടൂറിസം വികസന പദ്ധതികള്‍ക്കുവേണ്ടി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ കോടികൾ മുടക്കി പ്രധാനവേദിയും പവിലിയനും ടൂറിസ്റ്റുകള്‍ക്കായി ഒരുക്കിയിരുന്നു. അതിന്‍റെ ഭാഗമായി അഞ്ചലോഫിസ് കെട്ടിടം ചരിത്ര സ്മാരകമാക്കി സംരക്ഷിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നതാണ്. എന്നാൽ, തുടർനടപടികൾ ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.