ആറ്റിങ്ങൽ: യുവാക്കളെ ആക്രമിച്ച് സ്വർണമാലയും മൊബൈൽ ഫോണുകളും പിടിച്ചുപറിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മുടപുരം പനയത്തറ ഹൗസിൽ മുഹമ്മദ് ഇക്ബാൽ (26), മുടപുരം ബാദുഷ മൻസിലിൽ ഹുസൈൻ (23), മുടപുരം മുഹമ്മദ് മൻസിൽ മുഹമ്മദ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം പത്തിന് രാത്രിയാണ് സംഭവം.
സെക്കൻഡ് ഷോ സിനിമ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന ആദിനാഥ്, അഖിൽ എന്നീ യുവാക്കളെ ഇവർ മൂന്നംഗസംഘം മാമം ക്ഷേത്രത്തിനു സമീപം തടഞ്ഞുനിർത്തി ആക്രമിച്ചു. മാലയും ബ്രേസ് ലെറ്റും മൊബൈൽ ഫോണും പിടിച്ചുപറിച്ചു കടന്നുകളഞ്ഞു. യുവാക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും സി.സി.ടി.വി ദൃശ്യങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളിൽനിന്നും പിടിച്ചുപറിച്ച മൊബൈൽ ഫോണുകളും സ്വർണമാലയും പൊലീസ് കണ്ടെടുത്തു.
ഒന്നാം പ്രതി മുഹമ്മദ് ഇക്ബാലിന് ചിറയിൻകീഴ്, മംഗലാപുരം, കല്ലമ്പലം തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. ബിനുവിന്റെ നിർദേശപ്രകാരം ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി. മുകേഷിന്റെ നേതൃത്വത്തിൽ എസ്.ഐ ആർ. മനു, ഗ്രേഡ് എസ്.ഐ മനോഹർ, പൊലീസുകാരായ ബിനു, മുജീബ്, മുസ്സമിൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.