ആറ്റിങ്ങൽ: രണ്ട് നിയോജക മണ്ഡലങ്ങളിലെ കുടിവെള്ള ആവശ്യകത നിറവേറ്റാൻ ഉതകുന്ന ബൃഹദ് കുടിവെള്ള പദ്ധതി വരുന്നു. വാമനപുരം നദി കേന്ദ്രീകരിച്ചാണ് ആറ്റിങ്ങൽ, വർക്കല നിയോജക മണ്ഡലങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ പദ്ധതി സ്ഥാപിക്കുന്നത്. 352 കോടി ചെലവഴിച്ചാണ് ഭാവി ആവശ്യകത കൂടി മുന്നിൽ കണ്ടുള്ള പദ്ധതി ഒരുക്കുന്നത്. 'വർക്കല ജല വിതരണ പദ്ധതി' എന്ന പേരിലാണ് വിപുല പദ്ധതി നടപ്പാക്കുന്നത്.
ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും പമ്പിങ് സ്റ്റേഷന്റെയും സ്ഥലനിർണയം പൂർത്തിയായി. പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ ഒറ്റൂർ, ചെറുന്നിയൂർ, മണമ്പൂർ പഞ്ചായത്തുകൾക്കും വർക്കല നിയോജക മണ്ഡലത്തിലെ ചെമ്മരുതി, വെട്ടൂർ, ഇടവ, ഇലകമൺ, നാവായിക്കുളം എന്നീ പഞ്ചായത്തുകൾക്കും ജലവിതരണം ഉറപ്പാക്കും.
ഇതിനുപുറമെ ആവശ്യമായ ഘട്ടത്തിൽ ഇരു മണ്ഡലങ്ങളിലെയും ഇതര പഞ്ചായത്ത് പ്രദേശങ്ങളിലേക്കും കുടിവെള്ളം വഴിതിരിച്ചുവിടും. 352 കോടി രൂപയാണ് അടങ്കൽ തുക. പദ്ധതിയുടെ പ്രവർത്തനത്തിന് ആവശ്യമായ വെള്ളം വാമനപുരം നദിയിൽ നിന്ന് സംഭരിക്കും. ഇതിനായി കൊല്ലമ്പുഴ കടവിന് സമീപത്ത് പമ്പിങ് കിണർ സ്ഥാപിക്കും.
വാമനപുരം നദിയിൽ ഇതര പദ്ധതികൾക്ക് എല്ലാം അവനവഞ്ചേരി മുതൽ അയിലം വരെയുള്ള ഭാഗത്ത് ആണ് പമ്പിങ് കിണർ. പൂവൻപാറക്ക് സമീപത്തും കൊല്ലമ്പുഴ മേഖലയിലും നിലവിൽ പമ്പിങ് കിണറുകളില്ല.
ഈ മേഖലയിലെ ആദ്യ പമ്പിങ് കിണറാണ് പദ്ധതിക്ക് വേണ്ടി സ്ഥാപിക്കുക. പ്ലാന്റിന്റെ നിർമാണത്തിന് ആവശ്യമായ സ്ഥലം ഒറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്ത് കണ്ടെത്തി. ഇവിടെ സജ്ജമാക്കുന്ന സംഭരണ പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് അവിടെ നിന്ന് വിതരണം നടത്താനാണ് ഉദ്ദേശിക്കുന്നത്.
ഇതിനായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലം റവന്യൂ വാട്ടർ അതോറിറ്റി അധികാരികൾ സംയുക്തമായി പരിശോധിച്ച് ആവശ്യമായ സ്ഥലം അതിർത്തി കല്ലുകൾ സ്ഥാപിച്ച് അളന്നുതിരിച്ചു. ഒ.എസ്. അംബിക എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു.
ഒറ്റൂർ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരംസമിതി ചെയർമാൻ വി. സത്യബാബു, കേരള വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ പ്രസാദ്, അസി. എൻജിനീയർ കൃഷ്ണ രാജ് എന്നിവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി ആരംഭിച്ച് പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.