മണ്ഡല പുനർനിർണയത്തോടെ ഇടതുപക്ഷത്തിെൻറ ഉറച്ച കോട്ടകളിലൊന്നാണ് ആറ്റിങ്ങൽ. എന്നാൽ സമീപകാല തെരഞ്ഞെടുപ്പുകൾ ഈ അവകാശവാദത്തിൽ ചെറുതല്ലാത്ത വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. പാർലമെൻറ് തെരഞ്ഞെടുപ്പും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പും നൽകുന്ന സൂചനകൾ ഇടത് ക്യാമ്പിന് അത്ര അശ്വാസകരമല്ല. പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം തേടിയിറങ്ങിയ സമ്പത്തിെൻറ പരാജയം ഇപ്പോഴും ഇടത് മുന്നണിക്ക് ഉൾക്കൊള്ളാനായിട്ടില്ല. മണ്ഡലത്തിൽ 50,0452 വോട്ടുകൾ അടൂർ പ്രകാശിന് ലഭിച്ചപ്പോൾ സമ്പത്തിന് നേടാനായത് 48,4923 വോട്ടുകൾ മാത്രമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ സ്ഥിതി വേറിട്ടതായിരുന്നു. ഇടത് കോട്ടയായ പഞ്ചായത്തുകളിൽ യു.ഡി.എഫ്, ബി.ജെ.പി കക്ഷികൾ അധികാരത്തിൽവന്നു. ഇതോടെ ആറ്റിങ്ങലിലെ രാഷ്ട്രീയ അടിത്തറയിൽ വലിയ മാറ്റം സംഭവിക്കുന്നു എന്ന് ഇടതുപക്ഷത്തിനും അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്.
ആദ്യ നിയമസഭ െതരഞ്ഞെടുപ്പുമുതൽ നിലവിലുള്ള മണ്ഡലമാണ് ആറ്റിങ്ങൽ. 2011ലെ മണ്ഡലം പുനർനിർണയത്തിൽ അടിമുടി പൊളിച്ചെഴുതപ്പെട്ടു. ആറ്റിങ്ങൽ നഗരസഭയും വക്കം ഗ്രാമപഞ്ചായത്തും മാത്രമേ പഴയ ആറ്റിങ്ങൽ മണ്ഡലത്തിലേതായി നിലനിന്നുള്ളൂ. കിളിമാനൂർ, വർക്കല നിയോജകമണ്ഡലങ്ങളിലെ പഞ്ചായത്തുകളെ പകരം ഇതിലേക്ക് കൂട്ടിച്ചേർത്തു.
മണമ്പൂർ, ഒറ്റൂർ, ചെറുന്നിയൂർ പഞ്ചായത്തുകൾ വർക്കല നിയോജകമണ്ഡലത്തിൽ നിന്നും പുളിമാത്ത്, കിളിമാനൂർ, പഴയകുന്നുമ്മേൽ, നഗരൂർ, കരവാരം പഞ്ചായത്തുകൾ കിളിമാനൂർ നിയോജകമണ്ഡലത്തിൽ നിന്നും ആറ്റിങ്ങലിലേക്ക് ഉൾപ്പെടുത്തി. ഇതോടെ കിളിമാനൂർ നിയോജകമണ്ഡലം ഇല്ലാതെയായി. തുടർന്ന് നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിൽ വ്യക്തമായ ഇടത് ആഭിമുഖ്യം പ്രകടിപ്പിച്ചു.
2011ൽ എൽ.ഡി.എഫിലെ അഡ്വ.ബി. സത്യൻ 30,065 ഭൂരിപക്ഷത്തിനാണ് ഇവിടെനിന്ന് വിജയിച്ചത്. 65558 വോട്ടാണ് സത്യന് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി തങ്കമണി ദിവാകരൻ 33493 വോട്ടും ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥി 4545 വോട്ട് നേടി. 2016 എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ.ബി. സത്യൻ 72808 ആയി വോട്ട് വർധിപ്പിച്ചു. 40383 വോട്ട് ഭൂരിപക്ഷം. അടിസ്ഥാനസൗകര്യ പശ്ചാത്തല വികസനരംഗത്ത് എല്ലാം കിഫ്ബി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പിന്തുണ വലിയമാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും ജനങ്ങളുടെ ആവശ്യങ്ങൾ പൂർണമായും നിറവേറ്റാൻ പര്യാപ്തം ആയിട്ടില്ല.
ആറ്റിങ്ങൽ നഗരത്തിലെ ദേശീയപാത നാലുവരിപ്പാതയായി വികസിപ്പിക്കുന്നത് അന്തിമഘട്ടത്തിലാണ്. പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആവശ്യമാണ് ഇവിടെ നിറവേറ്റപ്പെടുന്നത്. നഗരത്തിലെ മൂന്നു കിലോമീറ്ററിനപ്പുറത്തേക്ക് ഇതേ മാതൃകയിൽ റോഡ് വികസനം വേണമെന്ന് ജനങ്ങൾ ആവശ്യം ഉയർത്തിയിട്ടുണ്ട്. ബൈപാസ് പദ്ധതിയുടെ നടപടികൾ അനന്തമായി നീളുകയാണ്. കാർഷിക, നിർമാണ മേഖലകെള ആശ്രയിച്ച് കഴിയുന്നവരാണ് ഭൂരിപക്ഷവും. കായലോര പഞ്ചായത്തുകളായ വക്കം, മണമ്പൂർ മേഖലകളിൽ കയർ ഉൾപ്പെടെയുള്ള പരമ്പരാഗത തൊഴിൽ മേഖലകളും നിലനിൽക്കുന്നുണ്ട്. പൊതുവിൽ വരുമാനം കുറഞ്ഞ സ്വകാര്യ, സേവന തൊഴിൽ മേഖലകളിൽ പണിയെടുക്കുന്നവരാണ് ഭൂരിഭാഗവും.
ഒരു നഗരസഭ ഉൾപ്പെടെ പത്ത് തദ്ദേശ സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന നിയോജകമണ്ഡലമാണ് ആറ്റിങ്ങൽ.
ആറ്റിങ്ങൽ നഗരസഭയും പഴയകുന്നുമ്മേൽ, നഗരൂർ പഞ്ചായത്തുകളും എൽ.ഡി.എഫിന് നിലനിർത്തുകയും യു.ഡി.എഫ് ഭരണത്തിലായിരുന്ന മണമ്പൂർ, ഒറ്റൂർ പഞ്ചായത്തുകൾ പിടിച്ചെടുക്കാനും ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലൂടെ കഴിഞ്ഞു. പക്ഷേ, കൈയിലുണ്ടായിരുന്ന വക്കം, ചെറുന്നിയൂർ, കിളിമാനൂർ, പുളിമാത്ത് പഞ്ചായത്തുകൾ യു.ഡി.എഫ് കൊണ്ടുപോയി. എൽ.ഡി.എഫ് ഭരിച്ചിരുന്ന കരവാരം പഞ്ചായത്തിൽ ബി.ജെ.പിയും അധികാരത്തിലേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.