ആറ്റിങ്ങൽ: പ്രചാരണരംഗത്ത് ഡിജിറ്റൽ സ്ക്രീനുകൾ സജീവം. ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ പ്രധാന കവലകളിലും ജനങ്ങൾ തടിച്ചുകൂടുന്ന സ്ഥലങ്ങളുമെല്ലാം രാപകൽ ഭേദമില്ലാതെ ഡിജിറ്റൽ സ്ക്രീനുകൾ സാന്നിധ്യം അറിയിക്കുകയാണ്. മുന്നണി സ്ഥാനാർഥികളാണ് പ്രചാരണത്തിന് ഡിജിറ്റൽ സ്ക്രീനുകളെ ആശ്രയിക്കുന്നത്.
ശബ്ദസന്ദേശങ്ങൾക്കപ്പുറം വിവരങ്ങൾ ദൃശ്യവത്കരിക്കാൻ ഡിജിറ്റൽ സ്ക്രീനുകൾ സഹായകമാണ്. ആറ്റിങ്ങലിൽ യു.ഡി.എഫ്, എൻ.ഡി.എ കക്ഷികളാണ് ഈ സങ്കേതത്തെ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത്. യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് നിലവിൽ ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഡിജിറ്റൽ സ്ക്രീനിലൂടെ അവതരിപ്പിക്കുമ്പോൾ നരേന്ദ്ര മോദി സർക്കാറിന്റെ വികസന നേട്ടങ്ങളാണ് എൻ.ഡി.എ ജനങ്ങളുടെ മുന്നിൽ എത്തിക്കുന്നത്.
എൽ.ഡി.എഫ് ഇടതുസർക്കാറിന്റെ വികസനനേട്ടങ്ങളും നയങ്ങളും വർക്കലയിൽ വി. ജോയി നടപ്പാക്കിയ വികസനനേട്ടങ്ങളും അവതരിപ്പിക്കുന്നു. പ്രധാന കവലകൾ, ചന്തകൾ, ബസ് സ്റ്റോപ്പുകൾ തുടങ്ങി ജനങ്ങൾ തടിച്ചുകൂടുന്ന സ്ഥലങ്ങളിലെല്ലാം ഡിജിറ്റൽ സ്ക്രീൻ സ്ഥാപിച്ച വാഹനങ്ങളുടെ സാന്നിധ്യമുണ്ട്.
ആറ്റിങ്ങൽ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയിയുടെ ബുധനാഴ്ചത്തെ മണ്ഡല പര്യടനം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ആയിരുന്നു. പ്രചാരണ പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ മൂന്ന് പൊതുയോഗങ്ങളിൽ പങ്കെടുത്തു.
ഇതിനൊപ്പമായിരുന്നു സ്ഥാനാർഥിയുടെ പര്യടനം. രാവിലെ 10ന് വർക്കല മേവ കൺവെൻഷൻ സെൻററിലാണ് മുഖമന്ത്രിയുടെ ആദ്യ പ്രചാരണ പരിപാടി. വൈകീട്ട് മൂന്നിന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലും 4.30ന് വെമ്പായം കന്യാകുളങ്ങര നുജും അൽ-െഷയ്ഖ് സ്റ്റേഡിയത്തിലും മുഖ്യമന്ത്രി സംസാരിച്ചു.
ഈ സ്ഥലങ്ങളിൽ എല്ലാം വി. ജോയ് എത്തി വോട്ട് അഭ്യർഥിച്ചു. വ്യക്തികളെ നേരിൽകണ്ട് വോട്ട് തേടാനും സമയം കണ്ടെത്തി. വെള്ളിയാഴ്ച ചിറയിൻകീഴ് നിയോജകമണ്ഡലത്തിൽ രണ്ടാംഘട്ട വാഹനപര്യടനം നടത്തും. മുദാക്കൽ, മംഗലപുരം ഗ്രാമപഞ്ചായത്തുകളിലാണ് പര്യടനം.
ആറ്റിങ്ങൽ ലോക്സഭമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് വ്യാഴാഴ്ച സഞ്ചാരികളുടെ പറുദീസയായ വർക്കലയിൽ പര്യടനം നടത്തി. വർക്കല പ്ലാവഴികത്ത് വർക്കല കഹാർ പര്യടനം ഉദ്ഘാടനം ചെയ്തു. തീരദേശമേഖലയിൽ കൂടിയായിരുന്നു പര്യടനം.
വയോധികർ മുതൽ കുട്ടികൾ വരെ സ്ഥാനാർഥിയെ കാണാനെത്തി. മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുള്ളതെന്നും ഇൻഡ്യ മുന്നണിക്കൊപ്പം നിന്നാലേ ജനങ്ങൾക്ക് സന്തോഷവും സമാധാനവും രക്ഷയുമുള്ളൂവെന്നും സ്ഥാനാർഥി അടൂർ പ്രകാശ് പറഞ്ഞു.
വിളബ്ഭാഗം, പണയിൽകടവ്, താഴെ വെട്ടൂർ, വള്ളക്കടവ്, കുരയ്ക്കണ്ണി, പുന്നമൂട് വഴി നടയറ എത്തി. ഉച്ചവിശ്രമത്തിനുശേഷം ഇടവ, കാപ്പിൽ, മാന്തറ, മരക്കടമുക്ക്, വെൺകുളം, കരുനിലക്കോട്, അയിരൂർ, കായൽപ്പുറം, ഹരിഹരപുരം, ഊന്നിൻമൂട്, വേങ്കോട് വഴി മലവിളയിൽ സമാപിച്ചു. പി.എം. ബഷീർ, ധനപാലൻ, ജി. സുബോധൻ, ഷഫീർ തുടങ്ങിയവർ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിച്ചു.
ആറ്റിങ്ങൽ ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ വ്യാഴാഴ്ച ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ നെടുങ്കണ്ട കിണറ്റഴികത്തുനിന്നാണ് രാവിലെ ഏഴിന് പര്യടനം ആരംഭിച്ചത്. ഇതിന് മുന്നോടിയായി കായിക്കര ആശാൻസ്മാരകത്തിൽ എത്തി പുഷ്പാർച്ച നടത്തി.
മാമ്പള്ളി, അഞ്ചുതെങ്ങ് ജങ്ഷൻ, ചമ്പാവ്, മണ്ണാത്തിമൂല, നിലയ്ക്കാമുക്ക്, പുത്തൻവിള, വിളയിൽമൂല, കല്ലൂർക്കോണം, തീപ്പെട്ടി ഓഫിസ്, മാമം ജങ്ഷൻ, മുടപുരം, കൂന്തള്ളൂർ, പാലകുന്ന്, ചെറുവള്ളിമുക്ക് വഴി വട്ടമുക്കിൽ സമാപിച്ചു. ഉച്ചക്കുശേഷമുള്ള പര്യടനം പോങ്ങനാടുനിന്ന് ആരംഭിച്ചു. മുളക്കലത്തുകാവ്, തേവന്നൂർ, പനപ്പാംകുന്ന്, പാപ്പാല, കടമ്പാട്ടുകോണം, കണ്ണങ്കോട്, പുതിയകാവ്, കിളിമാനൂർ, മഞ്ഞപ്പാറ, കാരേറ്റ്, കൊടുവഴന്നൂർ വഴി പൊരുന്തമണിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.